‘കീരംപാറ വനാതിർത്തി മേഖലയിലെ വന്യജീവിശല്യം പരിഹരിക്കണം’
1580077
Thursday, July 31, 2025 5:18 AM IST
കോതമംഗലം: കീരംപാറ പഞ്ചായത്തിന്റെ വനാതിർത്തി മേഖലയിലെ ജനങ്ങളുടെ ജീവന് ഭീഷണിയായും കൃഷികൾ നശിപ്പിച്ചും വിഹരിക്കുന്ന കാട്ടാനകൾ അടക്കമുള്ള വന്യജീവികളുടെ ശല്യം അവസാനിപ്പിക്കാൻ എംഎൽഎയും സർക്കാരും ശാശ്വത നടപടികളൊന്നും എടുക്കുന്നില്ലെന്ന് യുഡിഎഫ് ജില്ലാ കണ്‍വീനർ ഷിബു തെക്കുംപുറം. കഴിഞ്ഞ ഏതാനും വർഷമായി വനങ്ങൾ വളരെ കുറവുള്ള കീരംപാറ പഞ്ചായത്തിലെ ജനവാസ മേഖലകളിലാണ് വന്യജീവി ശല്യം നിരന്തരം അനുഭവപ്പെടുന്നത്.
ചേലമല എന്ന സ്ഥലമാണ് കീരംപാറ പഞ്ചായത്തിലെ വനമായിട്ടുള്ളത്. മറ്റുള്ള മുഴുവൻ പ്രദേശങ്ങളും റബർ തോട്ടങ്ങളും പൈനാപ്പിൾ കൃഷിയിടങ്ങളും മറ്റ് വിവിധ കൃഷികളും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളുമാണ്. പെരിയാർ പുഴ നീന്തിക്കടന്നാണ് കാട്ടാനകൾ എത്തുന്നത്. കുട്ടന്പുഴ വനമേഖലകളിൽനിന്നും ഇഞ്ചത്തൊട്ടി, കാഞ്ഞിരവേലി ഭാഗങ്ങളിൽ നിന്നുമാണ് പുന്നേക്കാട് മേഖലയിലേക്ക് കാട്ടാനകൾ എത്തുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ കുട്ടന്പുഴ മേഖലയിൽനിന്ന് എട്ടോളം ആനകളാണ് കൂട്ടമായെത്തിയത്. ഈ ആനകൾ അക്രമവാസനയുള്ളതുമാണ്. കാർ ആക്രമിക്കുകയും ആംബുലൻസിന്റെ പുറകെ ഓടിയെത്തിയതും ഈ കാട്ടാനക്കൂട്ടങ്ങളാണ്.
സ്ഥിരമായി ആർആർടിയെ നിയമിക്കുകയും വനപാലകരും വാച്ചർമാരും നിരീക്ഷണം നടത്തി ആനക്കൂട്ടങ്ങളെ കാട്ടിലേക്ക് തിരിച്ചയയ്ക്കുകയും ഹാംഗിംഗ് ഫെൻസിംഗും കോണ്‍ക്രീറ്റ് വേലികളും ട്രഞ്ചുകളും നിർമിക്കുകയും വേണം. ഈ ആവശ്യങ്ങൾ യുഡിഎഫ് ജില്ലാ കമ്മിറ്റി ഏറ്റെടുത്ത് തുടർ സമരങ്ങൾ സംഘടിപ്പിക്കുമെന്നും ജില്ലാ കണ്‍വീനർ പറഞ്ഞു. യുഡിഎഫ് കീരംപാറ മണ്ഡലം ചെയർമാൻ രാജു പള്ളിത്താഴത്ത് അധ്യക്ഷത വഹിച്ചു.