40-ാം വയസിൽ മകനോടൊപ്പം ബിരുദ വിദ്യാർഥിനിയായി അമ്മയും
1580072
Thursday, July 31, 2025 5:00 AM IST
കോതമംഗലം: നാൽപ്പതാം വയസിൽ പതിനേഴുകാരനായ മകൻ വൈഷ്ണവ് കെ. ബിനുവിനൊപ്പം ബിരുദ വിദ്യാർഥിനിയായതിന്റെ സന്തോഷത്തിലാണ് അമ്മ പൂർണിമ. കോതമംഗലം മാർ അത്തനേഷ്യസ് കോളജാണ് അപൂർവതയ്ക്ക് സാക്ഷ്യം വഹിക്കുന്നത്. ബിരുദം നേടണമെന്ന ആഗ്രഹത്തിനു മുന്നിൽ പ്രായം പൂർണിമയ്ക്ക് ഒരു തടസമല്ലായിരുന്നു. കോളജിൽ പഠിക്കണമെന്ന മോഹം പൂവണിയുന്നത് മകനൊപ്പമാകുന്പോൾ സന്തോഷം ഇരട്ടിയാണ്.
ഉച്ചയ്ക്കുള്ള ഇടവേളയിൽ മകന്റെ കൈ പിടിച്ചു കോളജ് വരാന്തയിലൂടെ നടക്കുന്നത് പൂർണിമയ്ക്ക് ഏറെ സന്തോഷമാണ്. ഫുട്ബോൾ കളിയെ പ്രണയിക്കുന്ന മകൻ വൈഷ്ണവ് കെ. ബിനു സ്പോർട്സ് ക്വാട്ടയിൽ പ്രവേശനം നേടിയ ബികോം ഒന്നാം വർഷ വിദ്യാർഥിയാണ്.
ഇംഗ്ലീഷ്, മലയാളം സാഹിത്യത്തേയും വായനയേയും സ്നേഹിക്കുന്ന പൂർണിമ ഒന്നാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർഥിനിയാണ്. ന്യൂജെൻ തലമുറയുടെ കൂടെ പഠിക്കുന്നതിന്റെ ജാള്യതയൊന്നും പൂർണിമക്കില്ല.
വീട്ടുകാര്യങ്ങളും അടുക്കളക്കാര്യങ്ങളും എല്ലാം ചെയ്ത് തീർത്ത് രണ്ടു മക്കളിൽ ഇളയവനും പോത്താനിക്കാട് സെന്റ് സേവ്യേഴ്സ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയുമായ വൈഭവ് ദേവിനെ സ്കൂളിൽ അയച്ചതിനു ശേഷമാണ് ഉച്ചഭക്ഷണവുമായി ഈ അമ്മയുടെയും മൂത്ത മകന്റെയും ഒരുമിച്ചുള്ള കോളജ് യാത്ര. വൈകിട്ടും ഒന്നിച്ചാണ് മടക്കം.
മികച്ച ഫുട്ബോൾ കളിക്കാരനും ഇടുക്കി ജില്ലാ ഫുട്ബോൾ ടീമിലെ മുൻ അംഗവും കോതമംഗലം കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടറുമാണ് ഭർത്താവ് പോത്താനിക്കാട് മാവുടി, കൊച്ചുപുരക്കൽ കെ.എസ്. ബിനു.