ട്രാക്കിൽ മൃതദേഹം; മുക്കാൽ മണിക്കൂറോളം നിർത്തിയിട്ട് മെമു
1579663
Tuesday, July 29, 2025 3:35 AM IST
ആലുവ: കളമശേരിക്കും ആലുവയ്ക്കും ഇടയിലുള്ള റെയിൽപ്പാളത്തിൽ മൃതദേഹം കണ്ടതിനെ തുടർന്ന് എറണാകുളം - ഷൊർണൂർ മെമു ട്രെയിൻ മുക്കാൽ മണിക്കൂറോളം നിർത്തിയിട്ടു. മൃതദേഹം മാറ്റാൻ വൈകിയതിനാൽ വൈകുന്നേരം 6.19ന് ആലുവ സ്റ്റേഷനിൽ എത്തേണ്ടിയിരുന്ന ട്രെയിൻ 07.04നാണ് എത്തിയത്.
ഇന്നലെ വൈകുന്നേരം 6.10ഓടെ കമ്പനിപ്പടി മേഖലയിലെ റെയിൽവേ പാളത്തിലാണ് മൃതദേഹം കണ്ടത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
ഫോൺ ചെയ്ത് പാളം കടന്നപ്പോൾ ട്രെയിൻ തട്ടിയതാകാമെന്നാണ് പ്രാഥമിക നിഗമനം. പിന്നാലെ വന്ന മെമു ട്രെയിൻ ലോക്കോ പൈലറ്റ് മൃതദേഹം കാണുകയും ട്രെയിൻ നിർത്തുകയുമായിരുന്നു.ഇതരസംസ്ഥാന തൊഴിലാളിയാണ് മരിച്ചതെന്നാണ് കരുതുന്നത്. ഇവിടം വളവായതിനാൽ മുമ്പും റെയിൽ പാളം കുറുകെ കടക്കുന്നതിനിടെ നിരവധി പേർ അപകടത്തിൽപ്പെട്ടിട്ടുണ്ട്.