കൊച്ചി മെട്രോ രണ്ടാംഘട്ടം : 700 തൂണുകൾ തല പൊക്കും
1579916
Wednesday, July 30, 2025 4:47 AM IST
1957 കോടിയുടെ പദ്ധതി 2027ൽ പൂർത്തിയാകുമെന്നാണ് കെഎംആർഎല്ലിന്റെ പ്രതീക്ഷ
കാക്കനാട്:കലൂർ സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെയുള്ള മെട്രോ റെയിൽ രണ്ടാംഘട്ടനിർമാണം പൂർത്തിയാകുമ്പോൾ 700 കോൺക്രീറ്റ് പില്ലറുകൾ ഉയർന്നു വരും. സീപോർട്ട്-എയർപോർട്ട് റോഡിലാണ് ഏറ്റവും കൂടുതൽ പില്ലറുകൾ ഉയരുന്നത്. കാക്കനാട് ചിറ്റേത്തുകരക്കു സമീപമുള്ള പ്രത്യേക സാമ്പത്തിക മേഖലയ്ക്കു സമീപമുള്ള പില്ലറുകൾ പലതും ഇതിനോടകം പകുതിയിലധികം ഉയരം പിന്നിട്ടിട്ടു കഴിഞ്ഞു.
കാക്കനാട്-പാലാരിവട്ടം റോഡിൽ ആലിൻചുവട് പാടിവട്ടം ഭാഗങ്ങളിലും പില്ലറുകളുടെ നിർമാണം പുരോഗമിക്കുകയാണ്. സ്വകാര്യ കമ്പനിയായ അഫ്കോൺസ് ഇൻഫ്രാസ്ട്രെക്ച്ചർ ആണ് നിർമാണക്കരാർ ഏറ്റെടുത്തിട്ടുള്ളത്. സിവിൽ, ആർക്കിടെക്ചറൽ, ട്രാക് സിസ്റ്റം ജോലികളുടെ ടെൻഡർ നടപടികൾ കൂടി പൂർത്തിയാകുമ്പോൾ പദ്ധതിക്കായി 1957 കോടി രൂപയോളം ചെലവുവരും.
മേൽപറഞ്ഞ നിർമാണങ്ങൾക്കായി 800 കോടി രൂപയിലേറെയാണ് അടങ്കൽ ചെലവ് പ്രതീക്ഷിക്കുന്നത്. രണ്ടു വർഷത്തിനകം പണികൾ പൂർത്തീകരിച്ച് ഗതാഗതത്തിനു തുറന്നു കൊടുക്കാൻ കഴിയുമെന്നാണ് കെഎംആർ എൽ അധികൃതരുടെയും പ്രതീക്ഷ. ഇതിനോടൊപ്പം മെട്രോസ്റ്റേഷനുകളുടെ നിർമാണവും ആരംഭിച്ചിട്ടുണ്ട്.
പാലാരിവട്ടം, ബൈപ്പാസ് , ചെമ്പുമുക്ക്, വാഴക്കാല , പടമുകൾ, കാക്കനാട്, സെസ്, ചിറ്റേത്തുകര, രാജഗിരി, ഇൻഫോപാർക്ക് എന്നിവിടങ്ങളിലായി പാർക്കിംഗ് സൗകര്യങ്ങളടക്കം10 സ്റ്റേഷനുകളാണുള്ളത്. രണ്ടാംഘട്ട മെട്രോറയിൽ പദ്ധതി പൂർത്തിയാകുന്നതോടെ കലൂർ മുതൽ ഇൻഫോപാർക്ക്വരെയും, തൃപ്പൂണിത്തുറ മുതൽ കാക്കനാട് വരെയുമുള്ള ഭാഗങ്ങളിൽ ഇപ്പോൾ അനുഭവപ്പെടുന്ന കനത്തഗതാതാഗതക്കുരുക്കിന് ശമനമാകും.