എറണാകുളത്തിന്റെ മനം കവർന്ന് കളക്ടർ എൻ.എസ്.കെ. ഉമേഷിന് പടിയിറക്കം
1580080
Thursday, July 31, 2025 5:18 AM IST
പാലക്കാടു നിന്ന് സ്ഥലം മാറിവരുന്ന ജി. പ്രിയങ്കയാണ് എറണാകുളത്തിന്റെ പുതിയ കളക്ടർ
കാക്കനാട്: ഈ വർഷത്തെ സംസ്ഥാന റവന്യൂ അവാർഡിൽ സംസ്ഥാനത്തെ മികച്ച കളക്ടറെന്ന അംഗീകാരം നേടിയതിന്റെ തിളക്കത്തിൽ എറണാകുളത്തിന്റെ പ്രിയപ്പെട്ട കളക്ടർ എൻ. എസ്. കെ. ഉമേഷിന് പടിയിറക്കം.
പൊതുവിദ്യാഭ്യാസ ഡയറക്ടറായാണ് പുതിയ നിയമനം. കേരള ഫിനാൻഷ്യൽ കോർപറേഷൻ മാനേജിംഗ് ഡയറക്ടറുടെ ചുമതലയും അദ്ദേഹം വഹിക്കും. പാലക്കാട് നിന്ന് സ്ഥലം മാറുന്ന ജി. പ്രിയങ്കയാണ് എറണാകുളത്തിന്റെ പുതിയ കളക്ടർ. അവർ എത്തുന്ന മുറയ്ക്ക് എൻ.എസ്.കെ ഉമേഷ് സ്ഥാനമൊഴിയും.
രണ്ടു വർഷം മുന്പൊരു മാർച്ചിൽ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റ് കത്തിയെരിഞ്ഞ ദിനങ്ങളിലൊന്നിലാണ് സൗമ്യനും തമിഴ്നാട്ടുകാരനായ എൻ.എസ്.കെ. ഉമേഷ് ജില്ലയുടെ ചുമതലയേറ്റത്. നഗരത്തെ സ്ഥിരം ശ്വാസംമുട്ടിച്ച ബ്രഹ്മപുരം തീപിടിത്ത പ്രശ്നത്തിന് സമയബന്ധിതമായ പരിഹാരം കാണാൻ അദ്ദേഹത്തിനായി.
താരതമ്യങ്ങളില്ലാത്ത ഒരു പിടിനേട്ടങ്ങളും വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റിയ ഇടപെടലുകളും അദ്ദേഹത്തെ എറണാകുളത്തിന്റെ ജനപ്രിയ കളക്ടറാക്കി; കേരളത്തിലെ ബെസ്റ്റ് കളക്ടറും.
കളമശേരി ബോംബ് സ്ഫോടനം, പട്ടയ പ്രശ്നം പരിഹരിക്കൽ, കൊച്ചിയിലെ കനാൽ നവീകരണവുമെല്ലാം അദ്ദേഹത്തിന്റെ കർമശേഷിയെ ശ്രദ്ധേയമാക്കി. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മികച്ച പ്രവർത്തനം നടത്തിയ ജില്ലാ വരണാധികാരിക്ക് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഏർപ്പെടുത്തിയ പുരസ്കാരവും എൻ.എസ്.കെ. ഉമേഷിനെ തേടിയെത്തി.
സോഷ്യൽ മീഡിയയിലും താരം
കുട്ടികളോട് പ്രത്യേകിച്ച് വിദ്യാര്ത്ഥികളോട് ഏറെ അടുപ്പം സൂക്ഷിക്കുന്ന ഭരണാധികാരിയായിരുന്നു ഉമേഷ്. 'മഴയല്ലെ അവധി തരുമോ അങ്കിൾ ' എന്ന ചോദ്യവുമായി അനവധി കുട്ടികളാണ് ആറര ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ജില്ലാ കളക്ടറുടെ ഫേസ്ബുക്കിൽ വന്നിരുന്നത്.
അവരോട് പഠനകാലം ആസ്വദിക്കാനും അത് തിരിച്ചു വരാത്ത സുവർണകാലമാണെന്നും സുരക്ഷാമാർഗ നിർദേശങ്ങൾക്കടിസ്ഥാനമാക്കി താൻ കൃത്യമായി അവധി പ്രഖ്യാപിച്ചുകൊള്ളാമെന്നും പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലെല്ലാം വൈറലായിരുന്നു. അദ്ദേഹം പങ്കുവയ്ക്കുന്ന പോസ്റ്റുകൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
കരുതലിന്റെ കരങ്ങൾ
കഴിഞ്ഞ ജനുവരിയിൽ രണ്ടാഴ്ചയിലേറെയായി തകർന്ന ലോറിയിൽ ദുരിതമനുഭവിച്ച് എറണാകുളത്ത് കഴിഞ്ഞ സേലം സ്വദേശി മൂർത്തിക്ക് സഹായഹസ്തവുമായി അദ്ദേഹം നേരിട്ടെത്തിയത് വാർത്തയായിരുന്നു. ലോറിയിടിച്ച് തകർന്ന വൈദ്യുതി പോസ്റ്റിന്റെ പിഴത്തുക കളക്ടർ സ്വന്തം കൈയിൽ നിന്ന് അടയ്ക്കാൻ തയാറായതോടെയാണ് മൂർത്തിയുടെ ദുരിതമവസാനിച്ചത്.
2018-ൽ കേരളം വിറങ്ങലിച്ചുനിന്ന ആദ്യ പ്രളയത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വയനാട് സബ് കളക്ടറായിരുന്ന ഉമേഷ് നേരിട്ടിറങ്ങിയത് വലിയ ജനശ്രദ്ധ നേടിയിരുന്നു. സേലം സ്വദേശിയായ ഉമേഷ് 2015 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. ഇടുക്കി കളക്ടർ വി വിഘ്നേശ്വരിയാണ് ഭാര്യ. കൃഷി വകുപ്പ് അഡീഷണൽ സെക്രട്ടറിയായി വിഘ്നേശ്വരിക്കും സ്ഥാനമാറ്റമുണ്ട്.