ട്രോളിംഗ് നിരോധനം തീരുന്നു : നാളെ അർധരാത്രി കഴിഞ്ഞ് ബോട്ടുകൾ കടലിലേക്ക്
1579917
Wednesday, July 30, 2025 4:47 AM IST
വൈപ്പിൻ: ട്രോളിംഗ് നിരോധനം നാളെ അവസാനിക്കുന്നതോടെ അർധരാത്രിക്ക് ശേഷം മത്സ്യബന്ധന ബോട്ടുകൾ കടലിലേക്ക് നീങ്ങും. കൊച്ചി, മുരുക്കുംപാടം, മുനമ്പം മത്സ്യബന്ധന കേന്ദ്രങ്ങളിലായി ആയിരത്തിൽപ്പരം ബോട്ടുകളാണ് മത്സ്യബന്ധനത്തിനായി തയാറെടുപ്പുകൾ നടത്തുന്നത്.
നാട്ടിലേക്ക് പോയിരുന്ന ഇതരസംസ്ഥാന തൊഴിലാളികൾ ഭൂരിഭാഗവും തിരികെയെത്തി. ബോട്ടുകളിൽ മത്സ്യബന്ധന സാമഗ്രികൾ, ഭക്ഷണം, വെള്ളം മറ്റ് ആവശ്യവസ്തുക്കളെല്ലാം സജ്ജമാക്കുന്ന തിരക്കിലാണ് തൊഴിലാളികൾ. യാനങ്ങളുടെ അറ്റകുറ്റപ്പണികളെല്ലാം തന്നെ പൂർത്തിയായി. വല സെറ്റ് ചെയ്യുന്ന പണികളും അവസാന ഘട്ടത്തിലാണ്. ഇന്ന് ബോട്ടുകളിൽ ഇന്ധനവും നിറച്ചു തുടങ്ങും.
കിളിമീൻ, കണവ, കൂന്തൽ, ചെമ്മീൻ തുടങ്ങിയ മത്സ്യങ്ങളാണ് ഈ സമയത്ത് ധാരാളമായി ലഭിക്കുന്നത്. കഴിഞ്ഞ സീസണിൽ അവസാനസമയത്ത് ഫിഷിംഗ് മോശമായതോടെ പല ബോട്ടുകളും വൻ കടത്തിലാണ് കരയിൽ കെട്ടിയത്. ഇക്കുറി കടലമ്മ കനിഞ്ഞാൽ കടമെല്ലാം വീട്ടാമെന്ന പ്രതീക്ഷയിലാണ് ബോട്ടുടമകളും തൊഴിലാളികളും.