വ്യായാമത്തിനിടെ ജിമ്മില്‍ കുഴഞ്ഞുവീണ് യുവാവ് മരിച്ചു
1580027
Wednesday, July 30, 2025 10:15 PM IST
മുളന്തുരുത്തി: വ്യായാമത്തിനിടെ ജിമ്മില്‍ കുഴഞ്ഞുവീണ് യുവാവ് മരിച്ചു. മുളന്തുരുത്തി പെരുമ്പിള്ളി ചാലപ്പുറത്ത് ഏബ്രഹാം - ഗ്രേസി ദമ്പതികളുടെ മകന് രാജ് (42) ആണ് ഇന്നലെ രാവിലെ ജിമ്മില്‍ കുഴഞ്ഞുവീണു മരിച്ചത്.
മുളന്തുരുത്തി പാലസ് സ്ക്വയറിലുള്ള ജിമ്മില്‍ പുലര്‍ച്ചെ 5.30ന് ആയിരുന്നു സംഭവം. ഈ സമയം ജിമ്മില്‍ ആരും ഉണ്ടായിരുന്നില്ല. ഇടയ്ക്കിടെ വ്യായാമം ചെയ്യാന്‍ ജിമ്മിലെത്തിയിരുന്ന ആളായിരുന്നു രാജ്.
സാധാരണ രാവിലെ ആറോടെയാണ് ജിമ്മില്‍ എത്താറുള്ളതെങ്കിലും മറ്റ് ആവശ്യങ്ങള്‍ ഉള്ളതിനാല്‍ രാവിലെ അഞ്ചിന് ജിമ്മിലെത്തി വ്യായാമം ചെയ്യുകയായിരുന്നു. 5.26ന് കുഴഞ്ഞുവീഴുന്നത് സിസി ടിവി ദൃശ്യങ്ങളില്‍ കാണാം.
ഇതിനു മുമ്പായി നെഞ്ചില്‍ കൈകള്‍ അമര്‍ത്തിക്കൊണ്ട് ഏതാനും സെക്കന്‍ഡുകള്‍ നടക്കുന്നതും പിന്നീട് ഇരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഒരു മിനിറ്റോളം ഇരുന്ന ശേഷം താഴേയ്ക്ക് കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് 20 മിനിറ്റോളം തറയില്‍ കിടന്ന രാജിനെ 5.45ന് ജിമ്മിലെത്തിയവര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭാര്യ ലിജി വിദേശത്ത് നഴ്സായി ജോലി ചെയ്യുകയാണ്. സംസ്കാരം നാളെ.