ലാപ്ടോപ്പിന് പകരം ടീഷര്‍ട്ട്: പേടിഎം 49,000 രൂപ നഷ്ടപരിഹാരം നല്‍കണം
1579657
Tuesday, July 29, 2025 3:35 AM IST
കൊച്ചി: ലാപ്ടോപ്പ് വാങ്ങുന്നതിനായി നല്കിയ ഓണ്‍ലൈന്‍ ഓര്‍ഡറില്‍ വിലകുറഞ്ഞ ടീഷര്‍ട്ട് ലഭ്യമാക്കിയ ഇ-കൊമേഴ്സ് സ്ഥാപനമായ പേടിഎം മാള്‍ 49,000 രൂപ ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി.
എറണാകുളം പെരുമ്പാവൂര്‍ സ്വദേശിയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ സയന്റിസ്റ്റുമായ ഡോ. ജിജോ അന്ന ഗീവര്‍ഗീസ് പേടിഎം ഇ-കൊമേഴ്സിനെതിരെ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
2021 ജൂണിലാണ് പരാതിക്കാരന് ലെനോവോ കമ്പനിയുടെ ലാപ്ടോപ്പ് വാങ്ങാന്‍ ഓര്‍ഡര്‍ നല്‍കിയത്. എന്നാല്‍ എതിര്‍കക്ഷി സ്ഥാപനം ലാപ്ടോപ്പിന് പകരമായി ഗുണനിലവാരം കുറഞ്ഞ ടീഷര്‍ട്ടാണ് നല്‍കിയത്. ഫോട്ടോഗ്രാഫ് ഉള്‍പ്പെടെയുള്ള തെളിവുകള്‍ സഹിതം എതിര്‍ക്കക്ഷി കസ്റ്റമര്‍ കെയറിനെ സമീപിച്ചെങ്കിലും തിരിച്ചെടുക്കല്‍ അപേക്ഷ മതിയായ കാരണം കാണിക്കാതെ നിരസിക്കുകയാണ് ഉണ്ടായത്.
ഇ-കൊമേഴ്സ് സ്ഥാപനത്തിനു നല്കുന്ന പരാതികള്‍ 48 മണിക്കൂറിനകം കൈപ്പറ്റ് അറിയിപ്പ് നല്‍കേണ്ടതും ഒരു മാസത്തിനകം പരാതിയില്‍ പരിഹാരം ഉണ്ടാക്കണമെന്ന ചട്ടം എതിര്‍കക്ഷികള്‍ ലംഘിച്ചുവെന്ന് കമ്മീഷന് വിലയിരുത്തി.
2020ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ ഇ-കൊമേഴ്സ് ചട്ടപ്രകാരം, വാങ്ങുന്ന ഉത്പന്നത്തെക്കുറിച്ച് കൃത്യമായ വിവരവും സുതാര്യമായ നടപടിക്രമങ്ങളും പരാതി പരിഹാര സംവിധാനങ്ങളും ഉറപ്പുവരുത്താനുള്ള ബാധ്യത എതിര്‍കക്ഷികള്‍ക്കുണ്ടെന്ന് കമ്മീഷന് ചൂണ്ടിക്കാട്ടി.
തെറ്റായതും വില കുറഞ്ഞതുമായ ഉത്പന്നം നല്‍കിയെന്ന പരാതി സമയബന്ധിതമായി പരിഹരിക്കുന്നതില്‍ ഗുരുതരമായ വീഴ്ചയാണ് എതിര്‍കക്ഷി സ്ഥാപനം വരുത്തിയത് എന്ന് ഡി.ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രന്, ടി.എന്‍. ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി.
ലാപ്ടോപ്പിന്റെ വിലയായി പരാതിക്കാരന് നല്കിയ 28,990 രൂപ തിരിച്ചു നല്‍കണമെന്നും 15,000 രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതി ചെലവും 45 ദിവസത്തിനകം പരാതിക്കാരന് നല്‍കണമെന്നും എതിര് കക്ഷികള്‍ക്ക് കോടതി ഉത്തരവ് നല്കി. അഡ്വ. അശ്വിന് കുമാര്‍ പരാതിക്കാരിക്കു വേണ്ടി കോടതിയില്‍ ഹാജരായി.