കെഎസ്ആര്‍ടിസി കൊറിയര്‍ സര്‍വീസ് : വരുമാനത്തില്‍ വൈറ്റില മുന്നില്‍
1579427
Monday, July 28, 2025 5:05 AM IST
പ്രതിദിനം 30,000 മുതല്‍ 40,000 രൂപ വരെ
കൊച്ചി: സംസ്ഥാനത്ത് കൊറിയര്‍ സര്‍വീസിലൂടെ കെഎസ്ആര്‍ടിസി ഏറ്റവും അധികം വരുമാനം നേടുന്നത് എറണാകുളം വൈറ്റില ഡിപ്പോയില്‍ നിന്ന്. പ്രതിദിനം 30,000 മുതല്‍ 40,000 രൂപ വരെയാണ് കൊറിയര്‍ സര്‍വീസിലൂടെ വൈറ്റില ഡിപ്പോ സമ്പാദിക്കുന്നത്. സ്വകാര്യ കൊറിയര്‍ സര്‍വീസ് സ്ഥാപനങ്ങളേക്കാള്‍ നിരക്ക് കുറവാണെന്നതാണ് കെഎസ്ആര്‍ടിസിയുടെ കൊറിയര്‍ സര്‍വീസിന് പിന്തുണയേറാന്‍ കാരണം.
രണ്ടു വര്‍ഷം മുമ്പ് തുടങ്ങിയ പദ്ധതിയുടെ സേവനം ഇപ്പോള്‍ 24 മണിക്കൂറും ലഭ്യമാണ്. പരമാവധി 30 കിലോ വരെയുള്ള സാധനങ്ങളാണ് നിലവില്‍ എടുക്കുക. 30 ആയാല്‍ 15 കിലോയുടെ രണ്ട് കൊറിയറാക്കണം. പൊട്ടിപ്പോകുന്നതുള്പ്പെടെ, കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുള്ള വസ്തുക്കള്‍ സ്വീകരിക്കില്ല.
നിലവില്‍ 200 കിലോമീറ്റര്‍ വരെയും 200 മുതല്‍ 400 കിലോ മീറ്റര്‍ വരെയും 400 കിലോ മീറ്ററിന് മുകളില്‍ എന്നിങ്ങനെ മൂന്ന് തരത്തില്‍ ദൂരം ക്രമീകരിച്ചാണ് പണം ഈടാക്കി വരുന്നത്. 16 മണിക്കൂറിനുള്ളില്‍ സാധനങ്ങള്‍ ഉത്തരവാദിത്വത്തോടെ എത്തിച്ചുകൊടുക്കുമെന്നതാണ് കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്സ് സര്‍വീസിന്റെ പ്രത്യേകത.
കെഎസ്ആര്‍ടിസിയുടെ ഡിപ്പോകളിലേക്ക് മാത്രമാണ് കൊറിയര്‍ സര്‍വീസ്. നിലവില്‍ 53 ഡിപ്പോകളെ ബന്ധിപ്പിച്ച് സര്‍വീസുണ്ട്. അയയ്ക്കാനുള്ള സാധനങ്ങള്‍ പായ്ക്ക് ചെയ്ത് എത്തിക്കണം.
അയയ്ക്കുന്ന ആളിനും സ്വീകരിക്കുന്ന ആളിനും വിവരങ്ങള്‍ സന്ദേശമായി ലഭിക്കും. സ്വീകരിക്കുന്നയാള്‍ ഡിപ്പോയില്‍ നേരിട്ടെത്തണം. തിരിച്ചറിയല്‍ രേഖ പരിശോധിച്ച് കൈമാറും. മൂന്ന് ദിവസത്തിനുള്ളില്‍ കൊറിയര്‍ കൈപ്പറ്റാത്ത പക്ഷം പിഴ ഈടാക്കും.