കോർപറേഷൻ കൗൺസിലിൽ കന്യാസ്ത്രീകളുടെ അറസ്റ്റിനെതിരേ പ്രമേയം; ഒറ്റക്കെട്ടായി എല്‍ഡിഎഫും യുഡിഎഫും
1579914
Wednesday, July 30, 2025 4:47 AM IST
കൊച്ചി: ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ രണ്ടു മലയാളി കന്യാസ്ത്രീകള്‍ക്ക് നേരെ ബജ്രംഗ്ദള് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തിലും പോലീസ് ചുമത്തിയ കേസിനുമെതിരെ പ്രമേയം അവതരിപ്പിച്ച് കൊച്ചി കോര്പറേഷന് കൗണ്‍സിൽ.
സംഭവത്തില്‍ കേന്ദ്ര ഇടപെടല്‍ ആശ്യപ്പെട്ട് സിപിഎം കൗണ്‍സിലര്‍ ജോര്‍ജ് നാനാട്ട് അവതരിപ്പിച്ച പ്രമേയത്തെ യുഡിഎഫ് ഒന്നടങ്കം പിന്തുണച്ചപ്പോള്‍ എതിര്‍വാദവുമായി ബിജെപി രംഗത്തെത്തി. കേന്ദ്രസര്‍ക്കാരിനു കവചമൊരുക്കി ബിജെപി കൗണ്‍സിലര്‍മാര്‍ മുന്നോട്ടുവച്ച ഭേദഗതി മേയര്‍ അഡ്വ.എം. അനില്‍കുമാര്‍ അംഗീകരിക്കാന്‍ തയാറായില്ല. തുടര്‍ന്ന് ബിജെപി അംഗങ്ങളുടെ വിയോജനക്കുറിപ്പോടെ പ്രമേയം പാസാക്കി.
രാജ്യത്തെ നിയമസംഹിതയെ അടിസ്ഥാനപ്പെടുത്തി പോലീസ് കേസെടുത്ത നടപടിയില്‍ കേന്ദ്ര സര്‍ക്കാരിന് ഇടപെടാന്‍ കഴിയില്ലെന്നായിരുന്നു ബിജെപി കൗണ്‍സിലര്‍മാരുടെ എതിര്‍വാദം. കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന പ്രമേയത്തിലെ ആവശ്യം പിന്‍വലിച്ച് പകരം നിയമപിന്തുണ നല്‍കണമെന്ന വാചകം ഉള്‍പ്പെടുത്താമെന്ന ബിജെപിയുടെ നിര്‍ദേശമാണ് എല്‍ഡിഎഫ്, യുഡിഎഫ് കൗണ്‍സിലര്‍മാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് മേയര്‍ തള്ളിയത്. ഇന്ത്യ എന്നത് ആര്‍എസ്എസിന്റെ സൃഷ്ടിയല്ലെന്നും കന്യാസ്ത്രീകളെ തുറുങ്കിലടച്ചത് അന്യായമായ നടപടിയാണെന്നും മേയര്‍ അഭിപ്രായപ്പെട്ടു.
അവതരണത്തെ തുടര്‍ന്ന് സംസാരിച്ച എല്‍ഡിഎഫ്, യുഡിഎഫ് അംഗങ്ങള്‍ ഒറ്റക്കെട്ടായാണ് പ്രമേയത്തെ പിന്തുണച്ചത്. വിഷയത്തിന്റെ ഗൗരവം ആ നിലയില്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ എത്തണമെങ്കില്‍ മേയര്‍ തന്നെ പ്രമേയ അവതാരകനാകണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. എന്നാല്‍ കൗണ്‍സില്‍ പാസാക്കുന്ന പ്രമേയത്തിന് അതിന്റേതായ ഗൗരവം ഉണ്ടാകുമെന്ന് മേയര്‍ പറഞ്ഞു.
പ്രമേയത്തെ പിന്തുണയ്ക്കാന്‍ തയാറാണോയെന്ന് ചോദിച്ചപ്പോള്‍ നിര്‍ദേശിച്ച ഭേദഗതികള്‍ വരുത്തിയാല്‍ പിന്തുണയ്ക്കാമെന്നായിരുന്നു ബിജെപി അംഗങ്ങളുടെ നിലപാട്. ഇതിനു തയാറാകാതെ യുഡിഎഫിന്റെകൂടി പിന്തുണയോടെ പ്രമേയം പാസാക്കിയതായി അറിയിക്കുകയായിരുന്നു മേയര്‍.
മതപരിവര്‍ത്തന കുറ്റം ആസൂത്രിതം: മേയര്‍
കന്യാസ്ത്രീകള്‍ക്കുമേല്‍ മതപരിവര്‍ത്തന കുറ്റം ചുമത്തിയിരിക്കുന്നത് ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്ന് മേയര്‍ അഡ്വ.എം. അനില്‍കുമാര്‍. കേന്ദ്രം ഇടപെടാന്‍ പാടില്ലെന്ന് പറയുന്നത് എന്ത് ന്യായത്തിന്റെ അടിസ്ഥാനത്തിലാണ്. അന്യായമായിട്ടാണ് തുറുങ്കില്‍ അടച്ചതെന്ന് ബിജെപിക്കും ബോധ്യമുണ്ട്.
അതുകൊണ്ടാണ് അവരുടെ സംസ്ഥാന അധ്യക്ഷന്‍ കന്യാസ്ത്രീകളെ സഹായിക്കുമെന്ന് പറയുന്നത്. അതേസമയം ഇടപെടാന്‍ അധികാരമില്ലെന്നും നിലപാടെടുക്കുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് എതിരെയുള്ള ആക്രമണങ്ങള്‍ക്ക് സാര്‍വദേശീയ രാഷ്ട്രീയ മാനമുണ്ടെന്നും മേയര്‍ പറഞ്ഞു.
കൈയില്‍ കേക്കും അരയില്‍ കത്തിയുമായി വരുന്നവരെ തിരിച്ചറിയണം: യുഡിഎഫ്
കൊച്ചി: കൈയില്‍ കേക്കും അരയില്‍ കത്തിയുമായി തിരിച്ചറിയണമെന്ന് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എം.ജി. അരിസ്റ്റോട്ടില്‍. ജാഗ്രത കാട്ടിയില്ലെങ്കില്‍ പള്ളയ്ക്ക് കത്തി കയറുമ്പോഴേ ചതി തിരിച്ചറിയുകയുള്ളൂ. ഭരണഘടനയെ ഇല്ലാതാക്കുമെന്ന് പറഞ്ഞാണ് ഇത്തരക്കാര്‍ അധികാരത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
നിയമപരമായി മാത്രം മുന്നോട്ട് പോയാല്‍ കന്യാസ്ത്രീകള്‍ക്ക് ജാമ്യം വൈകുമെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍ വി.കെ. മിനിമോള്‍ പറഞ്ഞു. രാഷ്ട്രീയ ഇടപെടലാണ് ഉണ്ടാകേണ്ടതെന്നും അവര്‍ പറഞ്ഞു.
ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ നിലപാടിന് വിരുദ്ധമായ സമീപനമാണ് ബിജെപി കൗണ്സിലര്മാരുടേതെന്ന് ഹെന്‍ട്രി ഓസ്റ്റിനും കുറ്റപ്പെടുത്തി. ആരോഗ്യ വിദ്യാഭ്യാസമേഖലയില്‍ ക്രിസ്ത്യന്‍ മിഷണറിമാര്‍ നല്കിയ സംഭാവനകള്‍ വിസ്മരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ബജരംഗ്ദളിനെ നിരോധിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.
സംരക്ഷണം കിട്ടുമെന്ന് പ്രതീക്ഷയില്ല: എൽഡിഎഫ്
കൊച്ചി: ഭരണഘടന നല്കുന്ന സംരക്ഷണം, തുറുങ്കലില്‍ അടയ്ക്കപ്പെട്ട കന്യാസ്ത്രീകള്‍ക്ക് കിട്ടുമെന്ന് പ്രതീക്ഷയില്ലെന്നും വിഷയത്തില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും സ്ഥിരം സമിതി അധ്യക്ഷന്‍ വി.എ. ശ്രീജിത്ത് പറഞ്ഞു.
അതേസമയം വിചാരധാരയിലെ ക്രിസ്ത്യന്‍ വിരോധം ഉദ്ധരിച്ചായിരുന്നു സിപിഎം കൗണ്‍സിലര്‍ പി.ആര്. റെനീഷ് ബിജെപിക്ക് മറുപടി നല്‍കിയത്. ക്രിസ്ത്യാനികളെ ആഭ്യന്തരഭീഷണിയായാണ് ആര്‍എസ്എസിന്റെ അടിസ്ഥാനഗ്രന്ഥമായ വിചാരധാരയില്‍ പറയുന്നത്.
ക്രിസ്ത്യാനികള്‍ ശത്രുക്കളാണെന്നും അതിനനുസരിച്ച് അവരോട് പ്രവര്‍ത്തിക്കുമെന്നും വിചാരധാരയിലുണ്ടെന്നും റെനീഷ് ചൂണ്ടിക്കാട്ടി.
നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ: ബിജെപി
കൊച്ചി: മലയാളികളായ കന്യാസ്ത്രീകളുടെ അറസ്റ്റില്‍ വേദനയുണ്ടെന്ന് ബിജെപി ബിജെപി കൗണ്‍സിലര്‍ പ്രിയ പ്രശാന്ത് . ഭരണഘടനാ അടിസ്ഥാനത്തില്‍ രാജ്യത്ത് നിലവിലുള്ള നിയമത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റുണ്ടായിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന് ഇതില്‍ ഇടപെടാന്‍ പരിമിതികളുണ്ട്.
കന്യാസ്ത്രീകള്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കാന്‍ കേരളത്തിന്റെ പ്രതിനിധിയായി സംസ്ഥാന ഭാരവാഹിയെ തന്നെ ഛത്തീസ്ഗഡിലേക്ക് അയച്ചിട്ടുണ്ട്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. അവര്‍ക്ക് ആവശ്യമായ നിയമസഹായം എത്തിച്ചു നല്‍കുകയാണ് വേണ്ടതെന്നും പ്രിയ പ്രശാന്ത് പറഞ്ഞു.