കളമശേരി പോളിയിലെ കഞ്ചാവ് കേസ്: മുഖ്യപ്രതിയെ വീണ്ടും ചോദ്യം ചെയ്യും
1579921
Wednesday, July 30, 2025 4:47 AM IST
കൊച്ചി: നാലു മാസം മുന്‍പ് കളമശേരി ഗവ. പോളിടെക്നിക്കിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ (പെരിയാര്‍) നിന്ന് വന്‍ കഞ്ചാവ് ശേഖരം കണ്ടെത്തിയ കേസില്‍ റിമാന്‍ഡിലുള്ള മുഖ്യപ്രതിയെ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്. ഇതിനായി ഇന്നലെ കളമശേരി പോലീസ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്കി.
ഒഡീഷ ദരിഗ്ബാദി സ്വദേശി അജയ് പ്രധാനെ(33)യാണ് കഴിഞ്ഞ ദിവസം കളമശേരി പോലീസ് ഒഡീഷയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. കേസിലെ അവസാന കണ്ണിയാണ് ഇയാള്‍. കഞ്ചാവ് എത്തിച്ചു കൊടുത്ത പശ്ചിമബംഗാള്‍ മൂര്‍ഷിദാബാദ് ജില്ലക്കാരായ സുഹൈല്‍ ഷേഖ്, എഹിന്തോ മണ്ഡല്, ദീപു മണ്ഡല് എന്നിവര്‍ക്ക് കഞ്ചാവ് നല്‍കിയത് അജയ് പ്രധാനാണ്.
ഇയാള്‍ക്ക് കൊച്ചിയില്‍ മറ്റു ലഹരി സംഘങ്ങളുമായി ബന്ധമുണ്ടോയെന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിക്കാനായാണ് പോലീസ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങുന്നത്. മുമ്പ് കോട്ടയം, എറണാകുളം ജില്ലകളില്‍ ഏഴു മാസത്തോളം താമസിച്ചിരുന്നുവെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.