ഗതാഗത നിയമലംഘനം : രണ്ടു മാസം കൊച്ചിയില്‍ പിഴയിട്ടത് 1.31 കോടി
1579894
Wednesday, July 30, 2025 4:24 AM IST
കൊച്ചി: സ്വകാര്യ ബസുകളുടെ അമിത വേഗതയടക്കം ഗതാഗത നിയമലംഘനവുമായി ബന്ധപ്പെട്ട കേസുകളില്‍ ഏപ്രില്‍ ഒന്നു മുതല്‍ ജൂണ്‍ 30 വരെ കൊച്ചി നഗരത്തില്‍ നിന്ന് മാത്രം പിഴയായി ഈടാക്കിയത് 1.31 കോടി രൂപ.
1.24 ലക്ഷം പെറ്റിക്കേസുകള്‍ ഈ കാലയളവില്‍ രജിസ്റ്റര്‍ ചെയ്തതായും ട്രാഫിക് വിഭാഗം അസി. കമ്മീഷണര്‍ കെ.എ. മുഹമ്മദ് നിസാര്‍ ഹൈക്കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ബാനര്‍ജി റോഡില്‍ 18 വയസുകാരന്റെ മരണത്തിനിടയായ അപകടത്തില്‍ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു.
നേരത്തെ മേനക ജംഗ്ഷനില്‍ അപകടത്തിനിരയായി സ്ത്രീ മരിക്കാനിടയായ സംഭവത്തില്‍ ബസ് ഓടിച്ചിരുന്ന നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതിയായിരുന്ന പള്ളുരുത്തി സ്വദേശി പി.ജെ. അനൂപിനെതിരെ കാപ്പ ചുമത്താനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ബസ് ജീവനക്കാര്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിര്‍ദേശം മോട്ടോര്‍ വാഹനവകുപ്പ് പുറപ്പെടുവിച്ചെങ്കിലും യൂണിയനുകളുടെ എതിര്‍പ്പ് മൂലം ഇതുവരെ നടപ്പാക്കാനായിട്ടില്ല.
നഗരത്തിലെ സ്വകാര്യ ബസുകളുടെ സമയക്രമം പുനര്നിര്ണയിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ നവംബറില്‍ ആര്‍ടിഒയ്ക്ക് കത്ത് നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ല.
ഗതാഗത നിയമ ലംഘനം പിടികൂടാന്‍ കാമറ നിരീക്ഷണ സംവിധാനം ശക്തമാക്കണമെന്നും ശക്തി കുറഞ്ഞ വൈദ്യുതി വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കണമെന്നുമുള്ള നിര്‍ദേശങ്ങളും റിപ്പോര്‍ട്ടില്‍ ഉന്നയിച്ചിട്ടുണ്ട്.