കന്യാസ്ത്രീകളുടെ അറസ്റ്റ് : പ്രതിഷേധ യോഗം നടത്തി
1579907
Wednesday, July 30, 2025 4:36 AM IST
പ്രതിഷേധ പ്രമേയം അവതരിപ്പിച്ച് കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജന പ്രസ്ഥാനം
കോലഞ്ചേരി: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ക്രിസ്ത്യൻ സമൂഹത്തിനെതിരെയുള്ള അടിച്ചമര്ത്തലും കടന്നുകയറ്റവും അത്യന്തം വേദനാജനകമാണെന്ന് ഓർത്തഡോക്സ് യുവജന പ്രസ്ഥാനം കുറ്റപ്പെടുത്തി.
ക്രൈസ്തവർക്കെതിരായുള്ള പീഡനങ്ങൾക്കും അതിക്രമങ്ങൾക്കുമെതിരെ ഓർത്തഡോക്സ് സുറിയാനി സഭയുടെ കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
കോതമംഗലത്ത് പ്രതിഷേധ ജ്വാല
കോതമംഗലം: ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച ഭരണകൂട ഭീകരതയ്ക്കെതിരെ കോതമംഗലത്ത് പ്രതിഷേധ ജ്വാല നടത്തി. കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ വിവിധ സംഘടനകളുടെ സഹകരണത്തോടെയാണ് പ്രതിഷേധ പരിപാടി നടത്തിയത്. പ്രതിഷേധ സംഗമം സെന്റ് ജോർജ് കത്തിഡ്രലിൽ കോതമംഗലം രൂപത വികാരി ജനറാൾ മോൺ. വിൻസന്റ് നെടുങ്ങാട്ട് ഉദ്ഘാടനം ചെയ്തു.
കത്തോലിക്കാ കോൺഗ്രസ് രൂപത പ്രസിഡന്റ് സണ്ണി കടൂത്താഴെ വിഷയാവതരണം നടത്തി. രൂപത ചാൻസലർ ഫാ.ജോസ് കുളത്തൂർ സന്ദേശം നൽകി. സോണി പാമ്പയ്ക്കൽ, ഷൈജു ഇഞ്ചക്കൽ, ജിജി പുളിക്കൽ, സിസ്റ്റർ വിമൽ റോസ് എന്നിവർ പ്രസംഗിച്ചു.
ഫാ. മാത്യു കൊച്ചുപുരക്കൽ, ജോർജ് മങ്ങാട്ട്, ബിജു വെട്ടിക്കുഴ, ജോർജ് കുര്യാക്കോസ്, ഫാ. ജോസ് പുൽപറമ്പിൽ, ഫാ. മാത്യു മറ്റപ്പിള്ളി, ഫാ. ജസ്റ്റിൻ ചേറ്റൂർ, ജോയ്സ് മുണ്ടക്കൽ, ജോബി പറങ്കിമ്യാലിൽ, ബെന്നി ചിറ്റൂപറമ്പിൽ, ബിനോയ് പള്ളത്ത്, ജോൺസൺ കറുകപ്പള്ളി എന്നിവർ നേതൃത്വം നൽകി.
പ്രതിഷേധ പ്രകടനവും യോഗവും
കോലഞ്ചേരി: സമൂഹ സേവനത്തിനായി സ്വയം സമർപ്പിച്ച മലയാളി കന്യാസ്ത്രീകളെ ഛത്തീസ്ഗഡിൽ അറസ്റ്റ് ചെയ്ത ബിജെപി സർക്കാരിന്റെ നടപടിക്കെതിരെ പട്ടിമറ്റം പുത്തൻകുരിശ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ കോലഞ്ചേരിയിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. പുത്തൻകുരിശ് ബ്ലോക്ക് പ്രസിഡന്റ് പോൾസൺ പീറ്റർ അധ്യക്ഷത വഹിച്ചു. കെപിസിസി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
പിറവത്ത് പ്രതിഷേധ യോഗം നടത്തി
പിറവം: ഛത്തീസ്ഗഡിൽ മലയാളികളായ കന്യാസ്ത്രീകളെ കള്ളക്കേസിൽ അറസ്റ്റ് ചെയ്ത ബിജെപി ഗവൺമെന്റിന്റെ നടപടികളിൽ പ്രതിഷേധിച്ച് പിറവം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പിറവത്ത് പ്രതിഷേധ സായാഹ്നവും ഐക്യദാർഡ്യ സദസും നടത്തി.
പ്രതിഷേധ സദസ് കെപിസിസി സെക്രട്ടറി ഐ.കെ. രാജു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.സി. ജോസ് അധ്യക്ഷത വഹിച്ചു. ജില്ലാ കോൺഗ്രസ് നിർവാഹക സമിതിയംഗം വിൽസൺ കെ. ജോൺ മുഖ്യപ്രഭാഷണം നടത്തി.