അധികൃതരുടെ കണ്ണു തുറപ്പിക്കാൻ ഗോശ്രീ പാലത്തിൽ വനിതകളുടെ പിന്നോട്ടു നടത്തം
1580063
Thursday, July 31, 2025 4:46 AM IST
വൈപ്പിൻ: ഒന്നരമാസമായി അടച്ചിട്ടിരിക്കുന്ന ഗോശ്രീ സമാന്തര പാലത്തിന്റെ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തീകരിക്കാൻ തയാറാകാത്ത നാഷണൽ ഹൈവേ അഥോറിറ്റിക്കെതിരെ പ്രതിഷേധമുയർത്തി ഇന്നലെ വൈകുന്നേരം വനിതകൾ പാലത്തിൽ പിന്നോട്ട് നടന്നും ഫുട്ബോൾ കളിച്ചും പ്രതിഷേധിച്ചു.
പാലത്തിൽ നിത്യവും അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് ജനജീവിതം സ്തംഭിപ്പിച്ചതോടെയാണ് വനിതകൾ അടക്കമുള്ള ദ്വീപ് നിവാസികൾ രംഗത്തിറങ്ങിയത്.
റസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ ഫ്രാഗ് ആണ് സമരം സംഘടിപ്പിച്ചത്. മൂന്നു മണിക്കൂറോളം നീണ്ടുനിന്ന സമരത്തിനിടെ പ്രതിഷേധക്കാർ കണ്ടെയ്നർ ലോറികളും തടഞ്ഞതോടെപോലീസ് എത്തി അനുനയിപ്പിക്കുകയും നാളെ ബന്ധപ്പെട്ടവരെ വിളിച്ചുചേർത്ത് ചർച്ചകൾ നടത്താമെന്ന് ഉറപ്പുനൽകുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ വൈകിട്ട് എഴോടെ സമരം അവസാനിപ്പിച്ചു.
അഡ്വ. മജ്നു കോമത്ത് സമരം ഉദ്ഘാടനം ചെയ്തു. ഫ്ലാഗ് നേതാക്കളായ വി.പി. സാബു, അനിൽ പ്ലാവിയന്സ്, സംവിധായകൻ ജിബു ജേക്കബ്, സംഗീത സംവിധായകന് സെബി നായരമ്പലം തുടങ്ങിയവർ പ്രസംഗിച്ചു.