പീഡനത്തിൽ മരിച്ച ബാലികയുടെ രണ്ടാം വാർഷികം: സ്മൃതിതീരത്ത് പ്രാർഥനയിൽ മുഴുകി കുടുംബം
1579902
Wednesday, July 30, 2025 4:24 AM IST
ആലുവ: ആലുവയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ബാലികയുടെ ബീഹാർ സ്വദേശികളായ കുടുംബം രണ്ടാം ചരമ വാർഷിക ദിനത്തിൽ കീഴ്മാട് സ്മൃതിതീരം ശ്മശാനത്തിലെത്തി പുഷ്പാർച്ചന നടത്തി. ഒരു മണിക്കൂറോളം മകളുടെ ഓർമകളിൽ പ്രാർഥനയും മറ്റും നടത്തി ശ്മശാനത്തിൽ ചെലവഴിച്ച ശേഷമാണ് കുടുംബം ചൂർണിക്കരയിലെ വാടക വീട്ടിലേക്ക് മടങ്ങിയത്.
കീഴ്മാട് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പൊതുശ്മശാനത്തിൽ ഉച്ചയ്ക്ക് 12 നാണ് അച്ഛനും അമ്മയും നാല് സഹോദരങ്ങളും അടങ്ങുന്ന കുടുംബം എത്തിയത്. കണ്ണീരിൽ കുതിർന്ന പൂക്കൾ കുഴിമാടത്തിൽ വിതറിയ ശേഷം പുഷ്പചക്രം സമർപ്പിച്ച് മാലയും ചാർത്തി. ചന്ദനത്തിരികളും കർപ്പൂരവും കത്തിച്ച് പ്രാർഥിച്ചു.
വീടിനടുത്ത് കളിച്ചു കൊണ്ടിരുന്ന അഞ്ചു വയസായ ബാലികയെ മിഠായി നൽകിയാണ് ബീഹാർ സ്വദേശി അസ്ഫാക് ആലം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. എറണാകുളം പോക്സോ പ്രത്യേക കോടതി 2023 നവംബർ 14 ന് ശിശു ദിനത്തിലാണ് പ്രതിയെ തൂക്കിലേറ്റാൻ വിധിച്ചത്.