പെരുമഴ : മലയോരമേഖലയില്‍ പെയ്തത് 100 മില്ലിമീറ്റര്‍
1579428
Monday, July 28, 2025 5:05 AM IST
കൊച്ചി: ഒരു പകല്‍ മുഴുവന്‍ മഴ കവര്‍ന്ന ശനിയാഴ്ച ജില്ലയില്‍ പെയ്തത് ശക്തമായ മഴ. 65 മില്ലിമീറ്റര്‍ മുതല്‍ 115 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന മഴയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. മലയോര മേഖലയിലും അതിര്‍ത്തി മേഖലകളിലും പെയ്തത് 100 മില്ലിമീറ്ററിനും മുകളിലാണ്. കൊച്ചി നഗരത്തില്‍ കടവന്ത്രയിലാണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്.
മലയോര മേഖലയില്‍ ഭൂതത്താന്‍കെട്ട് പ്രദേശത്ത് 100 മില്ലിമീറ്ററാണ് ലഭിച്ച മഴ. നേര്യമംഗലത്ത് 94 മില്ലിമീറ്ററും കീരമ്പാറയില്‍ 84 മില്ലിമീറ്ററും മഴ ലഭിച്ചു. ഇടമലയാര്‍ മേഖലയില്‍ 80 മില്ലിമീറ്ററായിരുന്നു മഴ. ജില്ലയില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്തത് അതിര്‍ത്തി മേഖലയായ മുനയ്ക്കലാണ്. 103 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ പെയ്തത്.
തൃശൂര്‍ ജില്ലയില്‍പ്പെടുന്ന മേഖലയാണെങ്കിലും ജില്ലയോടു ചേര്‍ന്നുള്ള അതിര്‍ത്തി പ്രദേശങ്ങളും ഇതിന്റെ പരിധിയില്‍ വരും. കൊച്ചി നഗരത്തില്‍ 50 മില്ലിമീറ്റർ മുതല്‍ 75 മില്ലിമീറ്റർ വരെയാണ് മഴ പെയ്തത്. കാലാവസ്ഥാ വകുപ്പില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം കടവന്ത്രയാണ് നഗരത്തിലെ കൂടുതല്‍ മഴപെയ്ത മേഖല. 75 മില്ലിമീറ്റര്‍ മഴയാണ് ശനിയാഴ്ച ഉച്ചയ്ക്ക് മാത്രം ഇവിടെ ലഭിച്ചത്.
ആലുവ മേഖലയില്‍ 60 മില്ലിമീറ്ററും മഴയുണ്ടായി. എന്നാല്‍ കളമശേരിയില്‍ കൂടുതല്‍ മഴ ലഭിച്ചെങ്കിലും കാലാവസ്ഥാ വകുപ്പിന്റെ മഴമാപിനി പ്രവര്‍ത്തനക്ഷമമല്ലാത്തതിനാല്‍ ഇവിടെ മഴയുടെ അളവ് രേഖപ്പെടുത്താനായിട്ടില്ല.