കുട്ടമ്പുഴയില്‍ മണ്ണിടിച്ചില്‍; നാല് വീടുകള്‍ക്ക് ഭാഗികനാശം
1579420
Monday, July 28, 2025 4:53 AM IST
കോതമംഗലം: കനത്ത മഴയെതുടര്‍ന്ന് കുട്ടമ്പുഴയില്‍ മണ്ണിടിച്ചിലില്‍ നാല് വീടുകള്‍ക്ക് ഭാഗികനാശം. കുട്ടമ്പുഴ സത്രപടി നാല് സെന്റ് നഗറിലും വായനശാലപ്പടി നഗറിലും താമസിക്കുന്ന പത്ത് കുടുംബങ്ങളെ ജില്ല കളക്ടറുടെ നിര്‍ദേശാനുസരണം മാറ്റിപ്പാര്‍പ്പിച്ചു. പഞ്ചായത്ത് റവന്യു, പോലീസ് അധികൃതര്‍ സ്ഥലത്തെത്തി. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം.
സത്രപ്പടി നഗറില്‍ പടിക്കമാലില്‍ രാജന്റെ വീടിന്റെ മുറ്റം ഇടിഞ്ഞ് തോട്ടാപ്പിള്ളില്‍ ജോളിയുടെ അടുക്കള ഭാഗത്തേക്ക് വീണു. വായനശാല നഗറില്‍ ഏഴുതൈക്കല്‍ കൊച്ചി ആന്റപ്പന്റെ മുറ്റവും സംരക്ഷണഭിത്തിയടക്കം ഇടിഞ്ഞ് കീഴാട്ടൂകൂടി മനോജിന്റെ വീടിന്റെ അടുക്കള ഭാഗത്തും വീണിരിക്കുകയാണ്. രാത്രിയും വീണ്ടും മണ്ണിടിയാൻ സാധ്യതയുണ്ട്.
വീടുകള്‍ക്ക് മീതെ മണ്ണ് വീണിരിക്കുന്നത് എത്രമാത്രം ഉണ്ടെന്നത് വിലയിരുത്താനായിട്ടില്ല. പത്ത് കുടുംബങ്ങള്‍ക്കായി സത്രപടി സര്‍ക്കാര്‍ സ്കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു.