കിഴക്കന്പലം-പോഞ്ഞാശേരി റോഡ് നന്നാക്കാൻ ട്വന്റി 20യുടെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല
1579405
Monday, July 28, 2025 4:37 AM IST
കിഴക്കമ്പലം: കിഴക്കന്പലം-പോഞ്ഞാശേരി റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് ട്വന്റി 20 യുടെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു. കിഴക്കമ്പലം മുതൽ തൈക്കാവ് വരെ മൂന്നര കിലോമീറ്ററിൽ പലയിടത്തും മനുഷ്യച്ചങ്ങല ജനബാഹുല്യം മൂലം മനുഷ്യമതിലായി മാറി.
കിഴക്കമ്പലം-പോഞ്ഞാശേരി റോഡ് കുണ്ടും കുഴിയുമായി സഞ്ചാരയോഗ്യമല്ലാതായിട്ട് നാലു വർഷം പൂർത്തിയായിട്ടും പിഡബ്ല്യുഡി അധീനതയിലുള്ള റോഡ് നന്നാക്കാൻ സർക്കാർ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചാണ് പാർട്ടി പ്രതിഷേധം സംഘടിപ്പിച്ചത്.
കിഴക്കമ്പലത്ത് പൂക്കാട്ടുപടി-ചെമ്പറക്കി പിഡബ്ല്യുഡി റോഡിന്റെ കാര്യത്തിലും ഇതാണ് അവസ്ഥയെന്നും കരാറുകാരനെക്കൊണ്ട് റോഡ് വർക്ക് ചെയ്യാൻ അനുവദിക്കാതെ സിപിഎമ്മുകാർ തടസം നിൽക്കുകയായിരുന്നുവെന്നും അവസാനം കോടതി നേരിട്ട് കമ്മീഷനെ നിയോഗിച്ച് വർക്ക് പൂർത്തിയാക്കാൻ വേണ്ടിയുള്ള കർശന നിർദേശം നൽകിയാണ് റോഡ് പണി പൂർത്തിയാക്കാൻ കരാറുകാരന് സാധിച്ചതെന്നും പാർട്ടി ചെയർമാൻ ബോബി എം. ജേക്കബ് പറഞ്ഞു.
പഞ്ചായത്തിന്റെ കീഴിലുള്ള 540 റോഡുകൾ എല്ലാം തന്നെ ബിഎംബിസി നിലവാരത്തിൽ ടാറിംഗ് പൂർത്തീകരിച്ചെന്നും അദ്ദേഹം അറിയിച്ചു.
പാർട്ടി സംസ്ഥാന ചെയർമാൻ ബോബി എം. ജേക്കബ്, വൈസ് പ്രസിഡന്റ് വി. ഗോപകുമാർ, സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം അഡ്വ. ചാർളി പോൾ, ബോർഡ് മെമ്പർ ആഗസ്റ്റിൻ ആന്റണി,ബിജോയ് ഫിലിപ്പോസ്,നിയോജക മണ്ഡലം പ്രസിഡന്റ് ജിബി എബ്രഹാം, വൈസ് പ്രസിഡന്റ് ദീപക് രാജൻ തുടങ്ങിയവർ പ്രതിഷേധ മനുഷ്യച്ചങ്ങലയ്ക്ക് നേതൃത്വം നൽകി.