എടവനക്കാട്ടെ കടൽ ഭിത്തി നിർമാണ പദ്ധതി: നടപടികൾ വേഗത്തിലെന്ന് എംഎൽഎ
1579414
Monday, July 28, 2025 4:53 AM IST
വൈപ്പിൻ: കടലാക്രമണം രൂക്ഷമാകുന്ന എടവനക്കാട് ജിഡ ഫണ്ടിൽ നിന്ന് അനുവദിച്ച 35 കോടി രൂപയുടെ കടൽഭിത്തി നിർമാണത്തിനായുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎ ജില്ല വികസന സമിതി യോഗത്തിൽ അറിയിച്ചു.
56 കോടിയുടെ എസ്റ്റിമേറ്റ് ഇറിഗേഷൻ വകുപ്പ് ജിഡയ്ക്ക് സമർപ്പിച്ചിരുന്നു. എന്നാൽ 35 കോടി രൂപയാണ് ജിഡ ഫണ്ടിൽ കണക്കാക്കിയിരുന്നത്. എങ്കിലും 56 കോടിക്ക് അംഗീകാരം ജിഡ തേടി. ജിഡ വിഹിതമായ 35 കോടിക്ക് എസ്റ്റിമേറ്റ് സമർപ്പിക്കാൻ സർക്കാർ ആവശ്യപ്പെട്ടതിനാൽ നടപടി പുരോഗമിക്കുകയാണെന്നു ജിഡ സെക്രട്ടറി അറിയിച്ചതായും എംഎൽഎ പറഞ്ഞു.
ഒപ്പം ഡിസാസ്റ്റർ ഫണ്ടിൽ നിന്ന് 20 കോടി രൂപ എടവനക്കാടിനു അനുവദിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് മേജർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചുവത്രേ.
നായരമ്പലം, ഞാറക്കൽ, എടവനക്കാട്, പള്ളിപ്പുറം പഞ്ചായത്തുകളിൽ കടലാക്രമണത്തെ തുടർന്ന് ജിയോ ബാഗുകൾ തകരാറിലായ സാഹചര്യത്തിൽ അടിയന്തിരമായി ജിയോ ബാഗുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ജില്ലാ വികസന സമിതി യോഗം അവലോകനം ചെയ്തു. ഇത് സംബന്ധിച്ച് പ്രവർത്തനങ്ങൾ വേഗത്തിൽ ആക്കുന്നതിനായി ജില്ലാ കളക്ടർക്ക് ചുമതല നൽകിയിട്ടുണ്ട്.