സംരക്ഷണഭിത്തി നിര്‍മാണം വൈകും
1595568
Monday, September 29, 2025 1:35 AM IST
മാപ്രാണം: ഇരിങ്ങാലക്കുട നഗരസഭ 38-ാം വാര്‍ഡിലെ വാതില്‍മാടം ഉന്നതിയില്‍ മണ്ണിടിച്ചില്‍ ഒഴിവാക്കുന്നതിന് സംരക്ഷണഭിത്തി നിര്‍മാണം ഇനിയും വൈകും.
ഇവിടത്തെ വീടുകള്‍ക്ക് ഭീഷണിയായി നില്ക്കുന്ന കുന്നിനുസമീപം സംരക്ഷണഭിത്തി നിര്‍മിക്കണമെന്നത് ഏറെനാളായുള്ള ആവശ്യമാണ്. എന്നാല്‍ കുന്നിനോടുചേര്ന്നുള്ള നാലുവീട്ടുകാരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇതുവരയും നഗരസഭയ്ക്ക് സാധിച്ചിട്ടില്ല. സംരക്ഷണഭിത്തി നിര്‍മിക്കാന്‍ മുന്‍ എംഎല്‍എ കെ.യു. അരുണന് 63 ലക്ഷവും മണ്ണിടിച്ചില്‍ ഭീഷണിയുള്ള നാലുവീട്ടുകാര്ക്ക് സ്ഥലംവാങ്ങി വീടുവയ്ക്കാന്‍ മന്ത്രി ആര്. ബിന്ദു 40 ലക്ഷവും അനുവദിച്ചിട്ടുണ്ട്. മൂന്നുമാസം മുമ്പ് സ്ഥലം സന്ദര്‍ശിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിയും സംരക്ഷണഭിത്തി നിര്‍മിക്കാന്‍ 50 ലക്ഷം രൂപ അടിയന്തരമായി അനുവദിച്ചിരുന്നു. എന്നിട്ടും പദ്ധതി നടപ്പാക്കാന്‍ ഇതുവരേയും നഗരസഭയ്ക്കായില്ല.
കുന്നിനോടുചേര്ന്നുള്ള നാലു വീട്ടുകാരെ മാറ്റിത്താമസിപ്പിക്കാതെ സംരക്ഷണഭിത്തി നിര്‍മിക്കാന്‍ കഴിയില്ലെന്നായിരുന്നു കരാറുകാരന് പറഞ്ഞത്. തുടര്‍ന്നാണ് അവരെ മാറ്റിത്താമസിപ്പിക്കാന്‍ മന്ത്രി ആര്. ബിന്ദു തുക അനുവദിച്ചത്. കുഴിക്കാട്ടുകോണത്ത് ഇവര്‍ക്ക് വീടുവയ്ക്കുന്നതിനുള്ള സ്ഥലം കണ്ടെത്തുകയുംചെയ്തു.
ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വീടുപണി കഴിയുന്നതുവരെ നഗരസഭയുടെ നേതൃത്വത്തില്‍ താൽകാലിക സംരക്ഷണം നല്‍കാനും കൗണ്‍സില്‍ യോഗം തീരുമാനിച്ച് വര്‍ഷങ്ങളായെങ്കിലും നടപടിയായില്ല. നാലുവീട്ടുകാരില് രണ്ടുവീട്ടുകാര്‍ അവിടം വിട്ടുപോകാന്‍ തയാറല്ലെന്നാണ് പറയുന്നത്.
സര്‍ക്കാര്‍ കണ്ടെത്തിയ സ്ഥലത്തിന്റെ രജിസ്ട്രേഷന് ഫീസിനത്തില്‍ ഓരോ വീട്ടുകാരും അമ്പതിനായിരംരൂപയോളം ചെലവാക്കേണ്ടിവരും. ഇതും കുടുംബങ്ങളെ സ്ഥലംമാറുന്നതില്നിന്നും പിന്തിരിപ്പിക്കുന്നു. സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന ഈ നാലുകുടുംബങ്ങളുടെ രജിസ്ട്രേഷനും മറ്റുകാര്യങ്ങള്‍ക്കുമായി പൊറത്തിശേരി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശ്രമം നടത്തിവരുകയാണ്.
ഇതിനിടയിലാണ് കഴിഞ്ഞ ജൂണ്‍ 17ന് വാതില്‍മാടം ഉന്നതി സന്ദര്‍ശിക്കവെ അടിയന്തരമായി സുരേഷ് ഗോപി 50 ലക്ഷം രൂപ പ്രഖ്യാപിച്ചത്. ജില്ലാ കളക്ടറും പ്ലാനിംഗ് ഓഫീസറുമായി ബന്ധപ്പെട്ട് തുക അനുവദിക്കാനുള്ള നടപടി കൈക്കൊള്ളാന്‍ ഒപ്പമുണ്ടായിരുന്ന പേഴ്സണല്‍ സ്റ്റാഫുകള്‍ക്ക് മന്ത്രി നിര്‍ദേശംനല്‍കുകയും ചെയ്തിരുന്നു.
എംപി ഫണ്ടില്‍നിന്ന് തുക ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ 31 വീട്ടുകാര്‍ ഒപ്പിട്ട അപേക്ഷ കെ സ്മാര്‍ട്ട് വഴി നഗരസഭയില്നല്കി. ആ അപേക്ഷ നഗരസഭ പരിഗണിച്ച് ആവശ്യമായ എസ്റ്റിമേറ്റ് ഉടന്‍ തയാറാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.