വിദ്യാരംഭത്തിനൊരുങ്ങി തിരുവുള്ളക്കാവ്
1596098
Wednesday, October 1, 2025 1:29 AM IST
ചേർപ്പ്: തിരുവുള്ളക്കാവ് ശ്രീധർമശാസ്താ ക്ഷേത്രത്തിൽ വിദ്യാരംഭത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. നാളെ പുലർച്ചെ നാലുമുതൽ ക്ഷേത്ര സരസ്വതിമണ്ഡപത്തിൽ എഴുത്തിനിരുത്തൽ ആരംഭിക്കും.
തിരുവുള്ളക്കാവ് വാരിയത്തെ ടി.വി. ശ്രീധരൻ വാര്യരുടെ നേതൃത്വത്തിൽ അറുപതോളം ആചാര്യൻമാർ എഴുത്തിനിരുത്തുന്നതിന് നേതൃത്വംനൽകും. ആറ് വഴിപാട് കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്. ചേർപ്പ് ഗവ. ഹൈസ്കൂൾ, ഖാദി കേന്ദ്രം, ക്ഷേത്രകുളത്തിനുസമീപം ദേവസ്വം പാർക്കിംഗ് ഗ്രൗണ്ട്, തിരുവുള്ളക്കാവ് എം.കെ. ടിംബേഴ്സ്, പൂച്ചിന്നിപ്പാടം ഡ്രൈവിംഗ് സ്കൂൾ ഗ്രൗണ്ട് എന്നിവടങ്ങളിൽ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ദേവസ്വം സെക്രട്ടറി എ.എ .കുമാരൻ പറഞ്ഞു. ഡ്രോൺ ഉൾപ്പടെ ഇരുന്നൂറോളം പോലീസും ദേവസ്വം വോളണ്ടിയേഴ്സും ക്രമസമാധന നിയന്ത്രണത്തിനുണ്ടാകും.
മഹാനവമി ദിവസമായ ഇന്ന് ക്ഷേത്രത്തിൽ എഴുത്തിനിരുത്തൽ ഉണ്ടാകുന്നതല്ല. രാവിലെ ഏഴു മുതൽ വിവിധ സംഘങ്ങളുടെ കൈകൊട്ടിക്കളി, വൈകീട്ട് 6.30ന് പെരുവനം സതീശൻമാരാരുടെ നേതൃത്വത്തിൽ തായമ്പക, പെരുമ്പിള്ളിശേരി സെന്റർ കാവടി സമാജം, യുവജനസംഘം, മര്യാദമൂല ധർമശാസ്താ കാവടി സംഘം , പൂച്ചിന്നിപ്പാടം ബലരാമ കാവടി സമാജം, ചൊവ്വൂർ സൗഹൃദ കാവടി സമാജം എന്നിവയുടെ കാവടിയാട്ടം ക്ഷേത്രസന്നിധിയിൽ നടക്കും.