റോഡ് പൊക്കി ടൈല്‍ വിരിച്ചു; ഒഴിയാതെ വെള്ളക്കെട്ട്
1595570
Monday, September 29, 2025 1:35 AM IST
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിനു വടക്കുപടിഞ്ഞാറേ ഭാഗത്തുള്ള കാഞ്ഞിരത്തോട് റോഡില്‍ മാതാ അമൃതാനന്ദമയി മഠത്തിന്റെ മുന്‍വശത്ത് റോഡ് ടൈല്‍വിരിച്ചത് അപകടങ്ങള്‍ക്കിടയാക്കുന്നു.
ഇറക്കത്തോടെയുള്ള വളവുകഴിഞ്ഞുവരുന്ന ഭാഗത്തായതിനാല് ഇവിടെ ടാറിംഗ് റോഡ് താഴ്ന്നും ടൈല്‍വിരിച്ച ഭാഗം ഉയര്‍ന്നുമാണ് നില്‍ക്കുന്നത്. ഇതാണ് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നത്. ചെറിയ മഴ പെയ്താല്‍തന്നെ ഇവിടെ വെള്ളക്കെട്ട് രൂപപ്പെടും. മഴവെള്ളം ഒഴുകിപ്പോകാന്‍ കാനയില്ലാത്തതിനാലാണ് വെള്ളക്കെട്ട് രൂക്ഷമാകുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
ടൈല്വിരിക്കുന്നതോടെ വലിയ കുഴികളില്‍വീണുള്ള അപകടങ്ങളെങ്കിലും ഇല്ലാതാകുമെന്ന് ആശ്വസിച്ചിരുന്ന പ്രദേശവാസികള്‍ക്ക് ഉയരംകൂട്ടി ടൈല്‍വിരിച്ചത് തലവേദനയാവുകയാണ്. വെള്ളക്കെട്ട് രൂക്ഷമാകുമ്പോള്‍ റോഡിന്റെ ഉയര വ്യത്യാസം മനസിലാക്കാന്‍ കഴിയാതെ വാഹനം തെന്നിത്തെറിക്കുന്നത് ഇവിടെ പതിവാണ്. രാത്രിയിലാണ് അപകടസാധ്യത വളരെ കൂടുതൽ. ഇനിയും അപകടങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.