കോർപറേഷൻ സ്റ്റേഡിയം: നിർമാണം നിർത്തിവയ്ക്കാൻ കളക്ടറുടെ ഉത്തരവ്
1596393
Friday, October 3, 2025 1:26 AM IST
സ്വന്തം ലേഖകൻ
തൃശൂർ: കോർപറേഷൻ സ്റ്റേഡിയത്തിൽ ഫുട്ബോൾ ടർഫ് നിർമാണം നിർത്തിവയ്ക്കാൻ കളക്ടറുടെ ഉത്തരവ്. ഖേലോ ഇന്ത്യയും കോർപറേഷനും തമ്മിലുള്ള ധാരണാപത്രം (എംഒയു) നിലനിൽക്കുന്നതിനാൽ ഏതൊരു പുതിയ പ്രവൃത്തിക്കും കായികവകുപ്പുമായി കൂടിയാലോചന നടത്തേണ്ടതും ഭേദഗതികൾ വകുപ്പുമായി ബന്ധപ്പെട്ട കൂടിയാലോചനയ്ക്കുശേഷം മുന്നോട്ടു കൊണ്ടുപോകണമെന്നും കളക്ടർ കോർപറേഷൻ സെക്രട്ടറിക്കു കഴിഞ്ഞമാസം 29നു നൽകിയ നിർദേശത്തിൽ ചൂണ്ടിക്കാട്ടുന്നു. തൃശൂർ ജില്ലാ അത്ലറ്റിക് അസോസിയേഷൻ സമർപ്പിച്ച അപേക്ഷയുടെ പശ്ചാത്തലത്തിലാണ് കളക്ടറുടെ നടപടി.
ഫുട്ബോൾ ടർഫിനുവേണ്ടി ഖേലോ ഇന്ത്യ വാഗ്ദാനംചെയ്ത സിന്തറ്റിക് ട്രാക്ക് ഇല്ലാതാക്കാനുള്ള കോർപറേഷൻ നീക്കത്തിനെതിരേ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കളക്ടറുടെ നടപടി. ജില്ലാ അത്ലറ്റിക്സ് അസോസിയേഷനു പിന്നാലെ അത്ലറ്റിക്സ് വെൽഫെയർ അസോസിയേഷനും മാസ്റ്റേഴ്സ് അത്ലറ്റിക് അസോസിയേഷനും രംഗത്തുവന്നിരുന്നു. എട്ടുവരി ട്രാക്ക് ഉൾപ്പെടുത്തിയ മാതൃകയും പുറത്തുവിട്ടിരുന്നു.
2015 ലെ ദേശീയഗെയിംസിനു വനിതാ ഫുട്ബോൾ മത്സരങ്ങൾക്കു ടർഫ് നിർമിക്കാൻ സ്റ്റേഡിയം പുനർനിർമിച്ചതുമുതൽ അത്ലറ്റിക്സിനെ തഴയുന്നെന്ന ആരോപണം നിലനിൽക്കെയാണ് എട്ടുവരി ട്രാക്ക് ഒഴിവാക്കി ആറുവരി നിർമിക്കാനും സ്വകാര്യ ക്ലബ്ബിന് അഞ്ചുവർഷത്തേക്കു കൈമാറാനും നീക്കമുണ്ടായത്. നിലവിൽ അഞ്ചുവർഷത്തേക്കാണ് സ്വകാര്യ ക്ലബ്ബിനു സ്റ്റേഡിയം കൈമാറുന്നത്. കളിക്കളത്തിന്റെ നീളം 106 മീറ്ററും വീതി 70 മീറ്ററുമാക്കുന്നതോടെ ലോകനിലവാരത്തിലുള്ള 400 മീറ്റർ സിന്തറ്റിക് ട്രാക്ക് സ്ഥാപിക്കാനുള്ള സ്ഥലം നഷ്ടമാകും.
കഴിഞ്ഞവർഷം ഖേലോ ഇന്ത്യ പദ്ധതിയിലൂടെ 400 മീറ്റർ ട്രാക്ക് നിർമിക്കാനുള്ള അനുമതി ലഭിച്ചതാണ്. കോർപറേഷനും ഖേലോ ഇന്ത്യയുമായി കരാറും ഒപ്പിട്ടു. നടപടികൾ പുരോഗമിക്കുന്പോഴാണ് പുതിയ നടപടി. നീളം 100 മീറ്ററും വീതി 64 മീറ്ററുമായി നിർമിച്ചാൽ ഫുട്ബോൾ ഗ്രൗണ്ടും സിന്തറ്റിക് ട്രാക്കും ഒരുപോലെ രൂപകല്പന ചെയ്യാം.
ഖേലോ ഇന്ത്യയുടെ അന്തിമ ടെക്നിക്കൽ അംഗീകാരം, സൈറ്റ് മാർക്കിംഗ്, അലൈൻമെന്റ് റിപ്പോർട്ട് എന്നിവ പൂർത്തിയാകുന്നതുവരെ ടർഫ് വിപുലീകരണത്തിനും അതിരുകളിലെ നിർമാണങ്ങൾക്കും താത്ക്കാലിക വിലക്കേർപ്പെടുത്തണമെന്നും സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.
സിന്തറ്റിക് ട്രാക്ക് ഉണ്ടാകുമെന്ന് ഉറപ്പുനൽകിയ മേയർ തൊട്ടടുത്ത ദിവസം സ്വകാര്യ ക്ലബ്ബുമായി ധാരണയുണ്ടാക്കിയെന്നും സ്റ്റേഡിയം ബൈലോയിൽ രണ്ടുമാസത്തിൽ കൂടുതൽ ആർക്കും കൈമാറരുതെന്നു വ്യവസ്ഥയുണ്ടെന്നും സംഘടനകൾ ചൂണ്ടിക്കാട്ടി. സ്റ്റേഡിത്തിന്റെ സംരക്ഷണത്തിനായി വ്യാപകമായ പ്രതിഷേധങ്ങളും അരങ്ങേറിയിരുന്നു.