ഗുരുവായൂരിൽ വീടുകളിലും ക്ഷേത്രത്തിലും മോഷണശ്രമം
1595865
Tuesday, September 30, 2025 1:24 AM IST
ഗുരുവായൂർ: ഗുരുവായൂരിൽ മൂന്നു വീടുകളിലും ഒരു ക്ഷേത്രത്തിലും മോഷണശ്രമം. താമരയൂർ സമൃദ്ധി ഗ്രാമത്തിൽ എടക്കളത്തൂർ ലോറൻസ്, വാരിജം മഹേഷ് ഗോപി, ആൾത്താമസമില്ലാതെ പുട്ടിക്കിടക്കുന്ന തൃശൂർ സ്വദേശി കൃഷ്ണൻകുട്ടി എന്നിവരുടെ വീട്ടിലും ഗുരുവായൂർ ദേവസ്വം കീഴേടമായ താമരയൂർ ശ്രീധർമശാസ്താ ക്ഷേത്രത്തിലുമാണ് മോഷണശ്രമം നടന്നത്.
കൃഷ്ണൻകുട്ടിയുടെ വീടിന്റെ മതിൽ ചാടിയാണ് മോഷ്ടാവ് എത്തിയത്. തുടർന്ന് തൊട്ടടുത്ത രണ്ടു വീടുകളിലും കയറുകയായിരുന്നു.വിദേശത്തുള്ള മക്കൾ പുലർച്ചെ മൂന്നിന് സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യം കണ്ട് വീട്ടിലുള്ളവരെ വിളിച്ചറിയിക്കുകയായിരുന്നു. വീട്ടുകാർ ഉണർന്ന് ലൈറ്റ് ഇട്ടപ്പോഴേക്കും മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. മൂന്നു വീടുകളിലും ഒരാൾ മാത്രമാണ് എത്തിയത്. ഇതിനുശേഷമാണ് ക്ഷേത്രത്തിൽ മോഷണത്തിന് ശ്രമിച്ചത്.
രണ്ടുപേർ ചേർന്നു കമ്പിപ്പാര ഉപയോഗിച്ച് വാതിൽ കുത്തിപൊളിക്കാനുള്ള ശ്രമത്തിനിടെ സെക്യൂരിറ്റി ജീവനക്കാരൻ കണ്ടതോടെ രണ്ടു പേരും ഓടി രക്ഷപ്പെടുകയായിരുന്നു. ഗുരുവായൂർ പോലീസിൽ പരാതി നൽകി.