ക്ഷേത്രങ്ങളിൽ ഗ്രന്ഥപൂജ ഇന്നു തുടങ്ങും
1595577
Monday, September 29, 2025 1:35 AM IST
ഗുരുവായൂർ: മമ്മിയൂർ ക്ഷേത്രത്തിൽ ഗ്രന്ഥ പുജയ്ക്ക് ഇന്ന് പുസ്തകങ്ങൾ സ്വീകരിക്കും. വൈകീട്ട് അഞ്ച് മുതൽ പുസ്തകങ്ങൾ പൂജ വെപ്പിനായി സരസ്വതി മണ്ഡപത്തിൽ നൽകാവുന്നതാണ്.
ചൊവ്വ, ബുധൻ ദിവസങ്ങളിൽ അടച്ചുപൂജയാണ്. വ്യാഴാഴ്ച രാവിലെ പൂജകൾക്ക് ശേഷം ചെറിയ കുട്ടികളെ മേൽശാന്തിമാരായ ശ്രീരുദ്രൻ നമ്പൂതിരി, നാരായണൻ നമ്പൂതിരി എന്നിവർ എഴുത്തിനിരുത്തും.
മഹാനവമി ദിവസമായ ഒക്ടോബർ ഒന്നിന് രാവിലെ അഞ്ച് മുതൽ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ വേദസാര ലളിതാ സഹസ്രനാമ ലക്ഷാർച്ചന ആരംഭിക്കും. ഭക്തജനങ്ങൾക്ക് പുസ്തകങ്ങൾ പൂജക്ക് വെയ്ക്കുന്നതിനും, ചെറിയ കുട്ടികളെ എഴുത്തിനിരുത്തുന്നതിനും വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി ട്രസ്റ്റി ബോർഡ് ചെയർമാൻ ജി.കെ. പ്രകാശൻ, എക്സിക്യൂട്ടീവ് ഓഫീസർ എൻ.ഷാജി എന്നിവർ അറിയിച്ചു.
ഗുരുവായൂർ ക്ഷേത്രം കൂത്തമ്പലത്തിലാണ് പുസ്തകങ്ങൾ പൂജയ്ക്ക് വയ്ക്കുന്നത്.
കുത്തമ്പലത്തിൽ ഗുരുവായൂരപ്പന്റേയും സരസ്വതിയുടേയും ഗണപതിയുടേയും ചിത്രങ്ങൾ വച്ച് അലങ്കരിക്കും.ഇവിടെ ക്ഷേത്രം ഓതിക്കന്മാർ പൂജ നടത്തും. വിജയദശമി ദിനത്തിൽ രാവിലെ കുട്ടികളെ എഴുത്തിനിരുത്തും.13കീഴ്ശാന്തി ഇല്ലങ്ങളിലെ കാരണവന്മാർ കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ചു നൽകും.
വിദ്യാരംഭച്ചടങ്ങുകൾക്ക്
ഒരുങ്ങി ക്ഷേത്രങ്ങൾ
തിരുവില്വാമല: ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിൽ വിജയദശമി ദിവസം 8.30ന് പ്രത്യേകം തയ്യാറാക്കിയ സരസ്വതി മണ്ഡത്തിൽ വിശേഷാൽ പൂജകൾക്കു ശേഷം വിദ്യാരംഭം നടക്കും .
പറക്കോട്ടുകാവിൽ രാവിലെ എട്ടിന് പഞ്ചവാദ്യം, വാഹനപൂജ, എഴുത്തിനിരുത്തൽ എന്നിവയുണ്ടാകും.
പാമ്പാടി ഐവർമഠം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾക്കു ശേഷം രാവിലെ വിദ്യാരംഭ ചടങ്ങുകൾ നടക്കും.
കൊച്ചു പറക്കോട്ടുകാവിൽ രാവിലെ 7.30ന് തായമ്പക, വാഹനപൂജ, വിദ്യാരംഭം ,പ്രസാദഊട്ട് എന്നിവയുണ്ടാകും.
പാമ്പാടി മന്ദം ഭദ്രകാളി ക്ഷേത്രത്തിൽ രാവിലെ ആറിന് അഷ്ടപദി, വാഹന പൂജ ,പൂജയെടുപ്പ് എന്നിവയാണ് പരിപാടികൾ. കണിയാർകോട് വടക്കേ കൂട്ടാല ഭദ്രകാളിക്ഷേത്രം, മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലും വിജയദശമിദിനത്തിൽ വിദ്യാരംഭചടങ്ങുകൾ നടക്കും.