ആദ്യ കൗണ്‍സിൽ രാഷ്ട്രീയ കളരി: മന്ത്രി ആർ. ബിന്ദു
1596391
Friday, October 3, 2025 1:26 AM IST
സ്വന്തം ലേഖകൻ
തൃശൂർ: കക്ഷിരാഷ്ട്രീയത്തിന് അതീതമായ സൗഹൃദവും സ്നേഹവുമാണ് ആദ്യ കൗണ്‍സിൽ അംഗങ്ങൾ പങ്കിട്ടതെന്നു ഗൃഹാതുരത്വത്തോടെ ഓർമിക്കുന്നെന്നു മന്ത്രി ആർ. ബിന്ദു. തൃശൂർ കോർപറേഷൻ രൂപീകൃതമായി കാൽനൂറ്റാണ്ടു പൂർത്തിയായതിനോടനുബന്ധിച്ചു പ്രഥമ കൗണ്‍സിലിലെ അംഗങ്ങളുടെ കൂട്ടായ്മ കോർപറേഷൻ കൗണ്‍സിൽ ഹാളിൽ ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ.
കൗണ്‍സിലിന്റെ കാലത്തു ലഭിച്ച രാഷ്ട്രീയവിദ്യാഭ്യാസമാണ് പിന്നീടുള്ള പ്രവർത്തനങ്ങൾക്കു സഹായിച്ചത്. പക്വതയുള്ള വ്യക്തിത്വമായിരുന്നു ആദ്യമേയറായിരുന്ന ജോസ് കാട്ടൂക്കാരന്റെ പ്രത്യേകത. വിമർശനങ്ങളെ അദ്ദേഹം സഹിഷ്ണുതയോടെ സ്വീകരിച്ചു. ഡെപ്യൂട്ടി മേയർ കെ. രാധാകൃഷ്ണനും മറ്റു കൗണ്‍സിലർമാരും അതാതു മണ്ഡലങ്ങളിലെ പ്രശ്നങ്ങളെക്കുറിച്ച് ആഴത്തിലുള്ള അറിവുള്ളവരായിരുന്നു. പത്തുവർഷക്കാലം കൗണ്‍സിലർ എന്ന നിലയിലുള്ള അനുഭവങ്ങൾ ഇപ്പോൾ മന്ത്രിയെന്ന നിലയിൽ കാര്യങ്ങൾ കൈകാര്യംചെയ്യുന്നതിന് എളുപ്പമാക്കിയിട്ടുണ്ട്.
സംഘർഷഭരിതമായ പ്രവർത്തനമായിരുന്നു കൗണ്‍സിലർക്കു തൃശൂർ നഗരത്തിൽ കാഴ്ചവയ്ക്കാനുണ്ടായിരുന്നത്. കുടിവെള്ളം, മാലിന്യം എന്നീ പ്രശ്നങ്ങൾ അന്നുമുണ്ട്. ടാങ്കറുകളിൽ ഡ്രൈവർക്കൊപ്പം പോയാണ് വെള്ളമെത്തുന്നെന്ന് ഉറപ്പാക്കിയത്. വീടിന്റെ പോർച്ചിൽ നായ പ്രസവിച്ചുകിടക്കുന്നെന്നു പറഞ്ഞപ്പോൾപോലും പോകേണ്ടിവന്നു. എല്ലാ കാര്യത്തിലും കൗണ്‍സിലർക്കു നേരിട്ട് ഉത്തരവാദിത്വമുണ്ടെന്നു കരുതിയ കാലംകൂടിയായിരുന്നു അത്. പരമാവധി നമ്മളെല്ലാം നീതിപുലർത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അന്നത്തെ സ്നേഹവും സൗഹൃദവും ഇന്നു നഷ്ടമായെന്നതാണ് അനുഭവമെന്നു മേയർ എം.കെ. വർഗീസ് പറഞ്ഞു. ആദ്യ കൗണ്‍സിലിൽ പ്രസംഗിക്കാൻപോലും ഭയമായിരുന്നെന്നും പിന്നീടിങ്ങോട്ട് ഒരിക്കൽപോലും തോൽക്കാതെയാണ് സിൽവർ ജൂബിലിസമയത്തും കൗണ്‍സിലിൽ ഇരിക്കുന്നതെന്നും പ്രതിപക്ഷനേതാവ് രാജൻ ജെ. പല്ലൻ പറഞ്ഞു.
ഡെപ്യൂട്ടി മേയർ എം.എൽ. റോസി, മുൻ മേയർമാരായ കെ. രാധകൃഷ്ണൻ, ഐ.പി. പോൾ എന്നിവരടക്കം അന്പതോളംപേർ പങ്കെടുത്തു. ആദ്യ മേയർ ജോസ് കാട്ടൂക്കാരൻ, ഡെപ്യൂട്ടി മേയർ വി.എസ്. ജോണി എന്നിവരടക്കം അന്തരിച്ച എട്ടുപേർക്ക് ആദരാഞ്ജലിയർപ്പിച്ചു.