ബിജെപി പ്രതിഷേധ മാർച്ചിൽ സംഘർഷം, ജലപീരങ്കി
1596107
Wednesday, October 1, 2025 1:29 AM IST
തൃശൂർ: ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്കു നടത്തിയ ബിജെപി മാർച്ചിൽ സംഘർഷം, പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ബിജെപി നേതാക്കളുടെ വീട്ടിൽ പോലീസ് അന്യായമായി പരിശോധന നടത്തിയതിൽ പ്രതിഷേധിച്ച് പാർട്ടി ഓഫീസിൽനിന്ന് ആരംഭിച്ച മാർച്ച് പോലീസ് പട്ടാളം റോഡിൽ ബാരിക്കേഡ് വച്ച് തടഞ്ഞു. അതു മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെയാണ് ജലപീരങ്കി പ്രയോഗിച്ചത്.
തുടർന്നുനടന്ന ധർണ ബിജെപി സംസ്ഥാനസെക്രട്ടറി എം.വി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. നാക്കുപിഴയുടെ പേരിലുണ്ടായ പരാമർശത്തിന്റെ പേരിൽ പ്രിന്റുവിനെ അറസ്റ്റ് ചെയ്യാനും ബിജെപി നേതാക്കളുടെ വീട്ടിൽ തേർവാഴ്ച നടത്താനുമാണ് പോലീസ് ശ്രമമെങ്കിൽ അതിനെ ശക്തമായി നേരിടുമെന്നു ഗോപകുമാർ പറഞ്ഞു.
പോലീസ് സിപിഎമ്മിന്റെയും യുഡിഎഫിന്റെയും വാലാട്ടികളാകരുത്. നിയമം ബാധിക്കാൻ തങ്ങൾ ബാധ്യസ്ഥരാണ്, പോലീസും നിയമം പാലിക്കണം. ഇല്ലെങ്കിൽ ശക്തമായ പ്രതിഷേധം നേരിടേണ്ടിവരും. നേതാക്കന്മാരുടെ പീഡനക്കേസുകളിലും കൊലപാതകക്കേസുകളിലും പ്രതികളെ പിടികൂടാൻ കാണിക്കാത്ത ശുഷ്കാന്തിയാണ് നാക്കുപിഴയുടെ പേരിൽ ഒരു അധ്യാപകനെ അറസ്റ്റ് ചെയ്യാൻ കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ചു. മേഖലാ വൈസ് പ്രസിഡന്റ് ബിജോയ് തോമസ്, ജില്ലാ ജനറൽ സെക്രട്ടറി പി.കെ. ബാബു, സംസ്ഥാനസമിതി അംഗം സുരേന്ദ്രൻ ഐനിക്കുന്നത്ത്, സുധീഷ് മേനോത്തുപറമ്പിൽ, എ.ജി. രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.