ഡോക്ടർ ഒരാൾമാത്രം: തിരക്കിൽ വലഞ്ഞ് രോഗികൾ
1596095
Wednesday, October 1, 2025 1:29 AM IST
ചാവക്കാട്: കടപ്പുറം ഗവ. ആശുപത്രിയിൽ ഡോക്ടറുടെ കുറവ് കാരണം രോഗികൾക്ക് ദുരിതം. ഒപിയിൽ മണിക്കൂറുകളോളം വരിയിൽ കാത്തുനിന്നു രോഗികൾ വലയുകയാണ്.
കടപ്പുറം ഗവ. ആശുപത്രിയിൽ രാവിലെ ഒപിയിൽ ഒരു ഡോക്ടറാണ് പരിശോധനയ്ക്കുള്ളത്. ഇതുമൂലം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. രാവിലെ ഒമ്പതിനു തുടങ്ങിയ ഒപി ഉച്ചയ്ക്ക് അവസാനിക്കുന്ന സമയം കഴിഞ്ഞാലും രോഗികളുടെ നീണ്ടനിരയാണ്. മിക്കദിവസവും ഇതുതന്നെയാണ് അവസ്ഥ.
അസുഖബാധിതരായ ഒട്ടേറെപേരാണ് വരിനിന്ന് അവശരാകുന്നത്. കഴിഞ്ഞദിവസം വിഷയമറിഞ്ഞെത്തിയ മുസ്ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കൾ ഡിഎംഒ, സൂപ്രണ്ട് എന്നിവരുമായി ബന്ധപ്പെടുകയും പരിഹാരംകാണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ സൂപ്രണ്ട് ഉച്ചയ്ക്കെത്തി രോഗികളെ പരിശോധിക്കുകയായിരുന്നു.
തുടർന്ന് പ്രശ്നം അടിയന്തരമായി പരിഹരിക്കാമെന്ന് ഉറപ്പുനൽകിയതായി യൂത്ത് ലീഗ് പ്രസിഡന്റ് പി.എ. അഷ്കർ അലി അറിയിച്ചു.