റോസൽ രാജ് ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി
1596395
Friday, October 3, 2025 1:26 AM IST
തൃശൂർ: പുന്നപ്ര-വയലാർ സമരനായകൻ കുന്തക്കാരൻ പത്രോസിന്റെ ചെറുമകൻ റോസൽ രാജ് ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും കല്ലൂർ സഹകരണ ബാങ്ക് പ്രസിഡന്റുമാണ്. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയായിരുന്നു. ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം ആർ. രാഹുൽ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്.
പുന്നപ്ര-വയലാർ സമരപോരാളിയും തിരുവിതാംകൂർ സ്റ്റേറ്റ് കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയുമായിരുന്ന പൊന്നൂക്കര കുന്തക്കാരൻ പത്രോസിന്റെ ചെറുമകനാണ് റോസൽ രാജ്. 1938ൽ ആലപ്പുഴയിൽ നടന്ന ചരിത്രപ്രസിദ്ധമായ തൊഴിലാളിപണിമുടക്കിനു നേതൃത്വം നൽകിയവരിൽ പ്രമുഖനായിരുന്നു പത്രോസ്.
പുന്നപ്ര-വയലാർ സമരകാലത്തു പ്രകടനത്തിനുനേരേ പൊലീസ് മർദനം അഴിച്ചുവിടുകയും വെടിവയ്ക്കുകയും ചെയ്തപ്പോഴാണ് തൊഴിലാളികൾ വാരിക്കുന്തം കൈയിലേന്തിയത്. അതിനു നേതൃത്വം നൽകിയതു പത്രോസായിരുന്നു. അങ്ങനെയാണ് കുന്തക്കാരൻ പത്രോസ് എന്ന പേരുവന്നത്.
മുൻമന്ത്രി എ.സി. മൊയ്തീൻ, കേരള ബാങ്ക് വൈസ് ചെയർമാൻ എം.കെ. കണ്ണൻ, കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തി എന്നിവർക്കെതിരായി ശബ്ദരേഖ പുറത്തുവന്നതിനു പിന്നാലെയാണു ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയായിരുന്ന ശരത് പ്രസാദിനെ സ്ഥാനത്തുനിന്ന് തരംതാഴ്ത്തിയത്. സിപിഎം നടത്തറ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗമായിരുന്ന നിബിൻ ശ്രീവാസനുമായി ശരത്പ്രസാദ് സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. തുടർന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റംഗം, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽനിന്നു ശരത്തിനെ നീക്കുകയും ബ്രാഞ്ചിലേക്കു തരംതാഴ്ത്തുകയും ചെയ്തിരുന്നു.