ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടം ഉദ്ഘാടനംചെയ്തു
1595574
Monday, September 29, 2025 1:35 AM IST
കയ്പമംഗലം: തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽനിന്നു ജനങ്ങൾക്കുനൽകുന്ന സേവനങ്ങൾ മികച്ച വേഗതയിൽ ലഭ്യമാക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് അഞ്ചുവർഷക്കാലത്തെ സമാനതകളില്ലാത്ത വികസനപ്രവർത്തനങ്ങളാണ് നടത്തിയതെന്നും സർക്കാരിന്റെ നയമാണ് വികസന പ്രവർത്തനങ്ങൾ വേഗതയിലാക്കിയതെന്നും മന്ത്രി പറഞ്ഞു.
ഇ.ടി. ടൈസൺ എംഎൽഎ അധ്യക്ഷതവഹിച്ചു. എംഎൽഎ അനുവദിച്ച 1.20 കോടി രൂപയും ബാക്കി തുക ഗ്രാമപഞ്ചായത്ത് വാർഷികപദ്ധതിയിൽ ഉൾപെടുത്തിയുമാണ് കെട്ടിടത്തിന്റെ നിർമാണം പൂർത്തീകരിച്ചത്.
അഞ്ചുവർഷത്തെ ഭരണസമിതിയുടെ കാലയളവിൽ 125 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് പഞ്ചായത്ത് നടത്തിയതെന്ന് സ്വാഗതപ്രസംഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ പറഞ്ഞു. ജില്ലാപഞ്ചായത്ത് അംഗങ്ങളായ സുഗത ശശിധരൻ, കെ.എസ്. ജയ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിത പ്രദീപ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ. അയ്യൂബ്, സി.സി. ജയ, പി. എ. നൗഷാദ്, സെക്രട്ടറി രഹന പി.ആനന്ദ് തുടങ്ങിയവർ പ്രസംഗിച്ചു.