കളിക്കളത്തിനായി പ്രതിഷേധക്കളത്തിൽ കായികതാരങ്ങളും കോച്ചുമാരും
1595867
Tuesday, September 30, 2025 1:24 AM IST
തൃശൂർ: കോർപറേഷൻ ഖേലോ ഇന്ത്യയുമായി ഒപ്പുവച്ച എംഒയു നിലനിൽക്കെ സ്റ്റേഡിയം സ്വകാര്യ ക്ലബ്ബിനു ഫുട്ബോൾ മത്സരങ്ങൾക്കായി വിട്ടുനൽകുന്നതിനെതിരേ പ്രതിഷേധം ശക്തം. പ്രതിഷേധക്കളത്തിലിറങ്ങി കായികപ്രേമികളും താരങ്ങളും. ടർഫിനൊപ്പം കോർപറേഷൻ വാഗ്ദാനംനൽകിയ എട്ടു ലെയ്ൻ സിന്തറ്റിക് ട്രാക്ക് നിർമാണം എത്രയും വേഗം തുടങ്ങണമെന്നും ഫുട്ബോൾ കോർട്ടിനു ചുറ്റും ട്രാക്ക് കൈയേറി കെട്ടിയ ഫെൻസിംഗ് പൊളിച്ചുമാറ്റണമെന്നുമാണ് ആവശ്യം.
അത്ലറ്റ്സ് വെൽഫെയർ അസോസിയേഷന്റെയും മാസ്റ്റേഴ്സ് അത്ലറ്റിക് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ സ്റ്റേഡിയത്തിൽനിന്നു കോർപറേഷൻ ഓഫീസിനു മുന്പിലേക്കു നടന്ന മാർച്ചിൽ നിരവധി കായികതാരങ്ങൾ പ്ലക്കാർഡേന്തി അണിനിരന്നു. ഏഷ്യൻ മെഡലിസ്റ്റ് ഒ.എൽ. തോമസ് ഉദ്ഘാടനം ചെയ്തു.
മുൻമേയർ കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഇന്റർനാഷണൽ അത്ലറ്റ് പി.എച്ച്. അബ്ദുള്ള, കോച്ചുമാരായ ആന്റോ, ബിജോയ്, അജിത്ത്, പിന്റോ, രാജൻ തോമസ് തുടങ്ങിയവർ പങ്കെടുത്തു.
സ്റ്റേഡിയം സ്വകാര്യ ക്ലബ്ബിനു നൽകാനുള്ള തീരുമാനം റദ്ദുചെയ്യുക, പബ്ലിക് പ്രാക്ടീസിനുള്ള സാഹചര്യം ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു പ്രതിഷേധ മാർച്ചും ധർണയും നടന്നത്.