നിയന്ത്രണംവിട്ട സ്വകാര്യ ബസ് കാനയിലേക്ക് ഇടിച്ചുകയറി
1596397
Friday, October 3, 2025 1:26 AM IST
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഠാണാവില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിര്‍മാണം നടക്കുന്ന കാനയിലേക്ക് ഇടിച്ച് കയറി അപകടം. കഴിഞ്ഞദിവസം രാവിലെ ഏഴിനാണ് അപകടം നടന്നത്.
മാളയില്‍നിന്നും ഇരിങ്ങാലക്കുടയിലേക്ക് വന്നിരുന്ന ചീനിക്കാസ് ബസാണ് അപകടത്തില്‍പ്പെട്ടത്. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിനിരയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. മാളയില്‍നിന്നും വന്ന ബസ് ഠാണാവ് സിഗ്നലില്‍നിന്നും ആല്‍ത്തറ ഭാഗത്തേക്ക് പോകേണ്ടതാണ്. എന്നാല്‍ ബസ് നിയന്ത്രണംവിട്ട് തൃശൂര്‍ ഭാഗത്തേക്ക് തിരിച്ച് അല്‍ അമീന് ലോഡ്ജിന്റെ മുന്‍വശത്തേക്ക് ഇടിച്ചു കയറ്റുകയായിരുന്നു.
അപകടത്തില്‍ പ്രദേശത്ത് ലോട്ടറി വില്പന നടത്തുന്ന ആള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ആളെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെതുടര്‍ന്ന് ബസിന്റെ ഡീസല്‍ ടാങ്ക് ചോര്‍ന്ന് ഡീസലും നഷ്ടപ്പെട്ടു. ഇരിങ്ങാലക്കുട പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.