ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ മോഷ്ടിച്ചു; ശാന്തിക്കാരൻ അറസ്റ്റിൽ
1596100
Wednesday, October 1, 2025 1:29 AM IST
വാടാനപ്പിള്ളി: തൃത്തല്ലൂർ ശ്രീകൊറ്റായി ചാളിപ്പാട്ട് അന്നപൂർണേശ്വരി തറവാട്ടുക്ഷേത്രത്തിലെ ദേവവിഗ്രഹങ്ങളിൽ അണിയിച്ചിരുന്ന തിരുവാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ശാന്തിക്കാരൻ അറസ്റ്റിൽ. കുന്നത്തങ്ങാടി ചെങ്ങട്ടിൽ വീട്ടിൽ വിഷ്ണു(21) എന്നയാളെയാണ് തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞവർഷം മേയ് മൂന്നിന് രാവിലെ 10.30നും ജൂൺ 26ന് വൈകീട്ട് 7.30നും ഇടയിലാണ് മോഷണം. ശാന്തിക്കാരിൽ ഒരാളായ വിഷ്ണു വിഗ്രഹത്തിൽ അണിയിച്ചിരുന്ന താലിയോടുകൂടിയ നാലു ഗ്രാം തൂക്കംവരുന്ന സ്വർണമാലയും ദുർഗാദേവിയുടെ വിഗ്രഹത്തിലെ 9.57 ഗ്രാം താലിയോടുകൂടിയമാലയും ഭദ്രകാളിദേവിയുടെ വിഗ്രഹത്തിലെ 8.15 ഗ്രാം മാലയും ഉൾപ്പെടെ 21.72 ഗ്രാം സ്വർണാഭരണങ്ങൾ മോഷ്ടിച്ചത്.
സംഭവത്തിൽ ക്ഷേത്രത്തിലെ സെക്രട്ടറിയുടെ പരാതിയിലാണ് വാടാനപ്പി ള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. തുടര്‍ന്നുനടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതിയെ ഏങ്ങണ്ടിയൂരിൽനിന്ന് പിടികൂടിയത്. വിഷ്ണു അന്തിക്കാട്, പാവറട്ടി, വിയ്യൂർ പോലീസ് സ്റ്റേഷൻ പരിധികളിലായി ആറ് ക്രിമിനൽക്കേസുകളിലെ പ്രതിയാണ്.വാടാനപ്പിള്ളി എസ്ഐ ഷൈജു, ജയകുമാർ എന്നിവരാണ് അന്വേഷിച്ചത്.