കുരുക്കഴിയുന്നില്ല; വലഞ്ഞ് ജനം
1596108
Wednesday, October 1, 2025 1:29 AM IST
പുതുക്കാട്
അടിപ്പാത നിര്‍മാണം നടക്കുന്ന ആമ്പല്ലൂര്‍ ജംഗ്ഷന് മറികടക്കാന്‍ വാഹനങ്ങള്‍ക്കു മണിക്കൂറുകള്‍ കാത്തുകിടക്കേണ്ട സ്ഥിതി തുടരുന്നു. അടിപ്പാതയുടെ ഇരുവശത്തുമായി സര്‍വീസ് റോഡിനോടുചേര്‍ന്ന് പ്രധാന പാതയുടെ നിര്‍മാണത്തിന് അസ്തിവാരം കോരിയതുമുതല് തുടങ്ങിയതാണ് ഇപ്പോഴത്തെ ഗതാഗതക്കുരുക്ക്.
മൂന്നുവരിപ്പാതയിലൂടെ വരുന്ന വാഹനങ്ങള്‍ സര്‍വീസ് റോഡിലെ ഒറ്റവരിപ്പാതയിലേക്കു പ്രവേശിക്കുന്നിടത്ത് ആരംഭിക്കുന്ന ഗതാഗതക്കുരുക്കാണ് പ്രശ്നം. രണ്ടു ദിശയിലേക്കും കുരുക്കിന് ഏറ്റക്കുറച്ചിലില്ല.
സര്‍വീസ് റോഡിന്റെ ഓരത്ത് കുത്തിപ്പൊളിച്ച് ഡ്രമ്മുകള്‍ നിരത്തി വാഹനങ്ങള്‍ക്കു സംരക്ഷണം ഒരുക്കിയതോടെ ഒറ്റവരിയായി മാത്രമാണ് വാഹനങ്ങള്‍ക്കു നീങ്ങാനാവുന്നത്. ഭാരവാഹനങ്ങള്‍ ഡ്രെയിനേജിനു മുകളിലെ സ്ലാബുകളില്‍ കയറാതെയാണ് സഞ്ചരിക്കുന്നത്. അതിനാല്‍ വേഗംകുറച്ച് പോകുന്നതും ഗതാഗതതടസത്തിനു കാരണമാകുന്നു.
തൃശൂര്‍ ഭാഗത്തേക്കുള്ള വാഹനനിര പുതുക്കാട് വരെയും ചാലക്കുടി ഭാഗത്തേക്കുള്ളത് മണലിപ്പാലം വരെയും നീളുന്നതു പതിവാണ്. ഗതാഗതക്കുരുക്കിനു പരിഹാരം കാണാന്‍ ദേശീയപാത അഥോറിറ്റി കാര്യക്ഷമമായി ഇടപെടുന്നില്ലെന്നാണ് ആക്ഷേപം.
മുരിങ്ങൂർ
പതിവുപോലെ ഇന്നലെയും തൃശൂർ പാതയിൽ മുരിങ്ങൂർ മുതൽ കൊരട്ടി ലത്തീൻ പള്ളിവരെ ഗതാഗതക്കുരുക്ക് രൂക്ഷമായി തുടർന്നു. വാഹനങ്ങൾ ഗ്രാമീണറോഡുകളിലൂടെ കടത്തിവിടുന്നതുമൂലം ചിറങ്ങരയിൽ ചെറിയൊരു ശമനമുണ്ടായെന്നുമാത്രം.
മുരിങ്ങൂരിലും ചിറങ്ങരയിലും കാനകൾക്കു മുകളിലിട്ടിരിക്കുന്ന സ്ലാബുകളിൽ കേടുപാടുകൾ സംഭവിച്ച സ്ലാബുകൾ ഇനിയും മാറ്റിസ്ഥാപിച്ചിട്ടില്ല. പലതും ഉയർന്നും താഴ്ന്നുമാണിരിക്കുന്നത്. തകർന്ന സ്ലാബുകളും കാണാം.
പലയിടത്തും സർവീസ് റോഡിനോടുചേർന്ന മണ്ണിട്ട ഭാഗത്തു കുഴികൾ രൂപപ്പെട്ട് വെള്ളം കെട്ടിക്കിടക്കുകയാണ്.
അഞ്ചുമീറ്ററും കാനയുടെ വീതിയായ 1.25 മീറ്ററും അടക്കം 6.25 മീറ്ററാണ് സർവീസ് റോഡുകളുടെ വീതി. ഇതിനുപുറമെ ഇരുഭാഗങ്ങളിലും കാനകൾക്കപ്പുറം രണ്ടുമീറ്റർ വീതം യൂട്ടിലിറ്റി ഏരിയയും ഡ്രോയിംഗിൽ പറയുന്നുണ്ട്. എന്നാൽ ഭൂരിഭാഗം സ്ഥലങ്ങളിലും ഇതിനായി സ്ഥലമെടുത്തിട്ടില്ല.
ഡ്രെയിനേജ് അടക്കം 6.25 മീറ്റർ സർവീസ് റോഡും അതിനുപുറമെ ഡ്രോയിംഗിൽ പറയുന്ന രണ്ടു മീറ്റർ യൂട്ടിലിറ്റി ഏരിയയും ഉറപ്പുവരുത്തിയുള്ള നിർമാണം നടന്നിരുന്നെങ്കിൽ പ്രദേശത്തു ട്രാഫിക് ബ്ലോക്ക് ഉണ്ടാകില്ലെന്നു മാത്രമല്ല ജനങ്ങളുടെ ദുരിതത്തിനു പരിഹാരവുമായേനെ.