സൗത്ത് സോൺ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കി മുഹമ്മദ് അഷ്ഫാക്
1595855
Tuesday, September 30, 2025 1:24 AM IST
കൊറ്റംകുളം: പെരിഞ്ഞനത്തിന് അഭിമാനമായി 36-ാമത് സൗത്ത് സോൺ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കി മുഹമ്മദ് അഷ്ഫാക്.
ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ നടന്ന സോൺ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇരുപതുവയസിന് താഴെയുള്ളവരുടെ 400 മീറ്റർ ഓട്ടമത്സരത്തിലാണ് ഗോൾഡ് മെഡൽ നേടിയത്. തന്റെ കഴിഞ്ഞ റിക്കാർഡ് തിരുത്തി 47.3 സെക്കൻഡു കൊണ്ടാണ് ഗോൾഡ് മെഡൽ നേടിയത്. 2024 സംസ്ഥാന സ്കൂൾ അത്ലറ്റിക് മീറ്റിൽ 400 മീറ്റർ ഓട്ടമത്സരത്തിൽ താൻതന്നെ സ്ഥാപിച്ച റെക്കോർഡ് (47.65 സെക്കൻഡ്) മറികടന്നാണ് അഷ്ഫാക് പുതിയസമയം കുറിച്ചത്.
2024ലെ സ്കൂൾ അത്ലറ്റിക് മീറ്റിലെ വ്യക്തിഗത ചാമ്പ്യനാണ് മുഹമ്മദ് അഷ്ഫാക്.
ഇന്ത്യയെ പ്രതിനിധികരിച്ച് ശ്രീലങ്കയിൽനടന്ന അന്തരാഷ്ട്ര അത്ലറ്റിക് മീറ്റിലും അഷ്ഫാക് മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.
പെരിഞ്ഞനം പഞ്ചായത്തിൽ ചക്കരപ്പാടം സ്വദേശിയും ചെറുകിട വ്യാപാരിയുമായ മഠത്തിപ്പറമ്പിൽ അഷറഫ് - ജെസി ദമ്പതികളുടെ മൂന്നുമക്കളിൽ ഇളയവനാണ് മുഹമ്മദ് അഷ്ഫാക്. വിദ്യാർഥികളായ അജ്ന അഷറഫ്, മുഹമ്മദ് അർഷക് എന്നിവരാണ് സഹോദരങ്ങൾ.
തിരുവനന്തപുരം ജിവി രാജ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ അഷ്ഫാക് ക്യാപ്റ്റൻ അജിമോന്റെ കീഴിലാണ് മൂന്നുവർഷമായി പരിശീലനം നടത്തുന്നത്.