പിണറായിസർക്കാർ ബിജെപിക്കു പരവതാനി വിരിക്കുന്നു: അഡ്വ. ജോസഫ് ടാജറ്റ്
1595866
Tuesday, September 30, 2025 1:24 AM IST
തൃശൂർ: ബിജെപിയുടെ വർഗീയരാഷ്ട്രീയത്തിനു പരവതാനി വിരിച്ചു പ്രോത്സാഹിപ്പിക്കുകയാണ് പിണറായി സർക്കാരെന്നു ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു. രാഹുൽ ഗാന്ധിക്കു വധഭീഷണിയുയർത്തിയ ബിജെപി നേതാവിനെ സംരക്ഷിക്കുന്ന പിണറായിസർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ചു ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾ സംഘടിപ്പിച്ച പ്രതിഷേധപ്രകടനത്തിന്റെ ജില്ലാതല ഉദ്ഘാടനം തൃശൂർ ബ്ലോക്കിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
യാതൊരുവിധ നടപടിയോ പ്രതികരണമോ നടത്താതെ പരസ്യമായ പിന്തുണയാണ് ഇടതുസർക്കാർ ബിജെപിക്കു നൽകിയത്. പൊതുസമൂഹത്തിന്റെ കടുത്ത പ്രതിഷേധമുയർന്നതോടെ നിവൃത്തിയില്ലാതെയാണ് മുഖംരക്ഷിക്കാൻ ഇപ്പോൾ കേസെടുത്തിരിക്കുന്നത്. സുതാര്യമായ അന്വേഷണം നടത്തി നിയമനടപടികൾ സ്വീകരിച്ചില്ലെങ്കിൽ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുമെന്നും ജോസഫ് ടാജറ്റ് കൂട്ടിച്ചേർത്തു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഫ്രാൻസിസ് ചാലിശേരി അധ്യക്ഷത വഹിച്ചു. ടി.വി. ചന്ദ്രമോഹൻ, അഡ്വ. സിജോ കടവിൽ, എം.എസ്. ശിവരാമക്യഷ്ണൻ, കെ.എച്ച്. ഉസ്മാൻ ഖാൻ, ഹാപ്പി മത്തായി, തിമോത്തി വടക്കൻ, രാമചന്ദ്രൻ പുതൂർക്കര, കെ.എ. അനിൽകുമാർ, ബഷീർ അഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.