ഗ്രാമപഞ്ചായത്തുകൾ സാധാരണ ജനങ്ങളുടെ അത്താണി: മന്ത്രി
1595578
Monday, September 29, 2025 1:35 AM IST
പാറളം: സാധാരണ ജനങ്ങളുടെ അത്താണിയാണ് ഗ്രാമപഞ്ചായത്തുകൾ. സാധാരണക്കാരായ ജനങ്ങൾ അവരുടെ ദൈനംദിന ആവശ്യങ്ങൾക്കായി എപ്പോഴും സമീപിക്കേണ്ട ഓഫീസ്. കുടുംബശ്രീ പ്രവർത്തകരടക്കം സജീവമായി ഇടപെടുന്ന ഒരു ഇടമാണിത്. അതിനെ സൗകര്യപ്രദമാക്കുക എന്നുള്ളത് സദ് ഭരണത്തിന് ഏറ്റവും അനിവാര്യമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു പറഞ്ഞു.
പാറളം ഗ്രാമപഞ്ചായത്ത് പുതിയ ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പഞ്ചായത്ത് പരിസരത്ത് നടന്ന പരിപാടിയിൽ സി.സി. മുകുന്ദൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റവും മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ മുന്നോട്ടുപോവുകയാണ്. ഭൂരഹിതരും ഭവനരഹിതരും ഇല്ലാത്ത നവകേരളം, ഭൂമിയില്ലാത്തവർക്ക് ഭൂമിയും വീടും നൽകി പുനരധിവസിപ്പിക്കുക എന്ന നമ്മുടെ ലക്ഷ്യം നിറവേറ്റുന്നതിന് വളരെ അടുത്തെത്തിയിരിക്കുകയാണ്. ഈ പത്ത് വർഷക്കാലത്തിനിടയ്ക്ക് നാലേകാൽ ലക്ഷം പട്ടയങ്ങൾ, അവർ താമസിച്ചുപോന്നിരുന്ന ഭൂമിയിൽ യാതൊരു അവകാശവും ഇല്ലാതിരുന്ന മനുഷ്യർക്ക് നൽകാൻ നമുക്ക് സാധിച്ചു എന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ ബജറ്റ് വിഹിതം 3.5 കോടി രൂപ ഉപയോഗിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടെ 12,156 സ്ക്വയർ ഫീറ്റിൽ രണ്ട് നില കെട്ടിടം നിർമിക്കുന്നത്.
ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. രാധാകൃഷ്ണൻ, പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് മിനി വിനയൻ, വൈസ് പ്രസിഡന്റ്് ആശ മാത്യൂസ്, ജില്ലാ പഞ്ചായത്ത് മെമ്പർ ഷീന പറയങ്ങാട്ടിൽ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെറി ജോസഫ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ജൂബി മാത്യു, പി.കെ. ലിജീവ്, അമ്മാടം എസ്.സി.ബി പ്രസിഡന്റ് പി.ആർ. വർഗീസ്, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ രജനി ഹരിഹരൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സെബി ജോസഫ് പല്ലിശേരി, സുഭാഷ് മാരാത്ത് കെ.ആർ. ചന്ദ്രൻ, സുധീർ ചക്കാലപറമ്പിൽ, രമ്യ പി. സുശീലൻ തുടങ്ങിയവർ സംസാരിച്ചു.