ആരോഗ്യപരിപാലന രംഗത്ത് കേരളം മാതൃക: എംപി
1595573
Monday, September 29, 2025 1:35 AM IST
മേലൂർ : വികസിതരാജ്യമായ അമേരിക്കയെപോലും പിന്തള്ളി കേരളത്തിൽ ശിശുമരണനിരക്ക് കുറയ്ക്കാനായത് ആരോഗ്യപരിപാലന രംഗത്തെ മികച്ച നേട്ടമാണെന്ന് കെ. രാധാകൃഷ്ണൻ എംപി. കഴിഞ്ഞ ആറുപതിറ്റാണ്ടുകളായി ചാലക്കുടിയുടെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, സഹകരണ മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്ന ടി.കെ. ആദിത്യവർമ രാജയുടെ ശതാഭിഷേക ചടങ്ങ് ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആയിരം സ്ത്രീകൾ പ്രസവിക്കുമ്പോൾ ഇന്ത്യയിലെ ശരാശരി ശിശുമരണനിരക്ക് 25, അമേരിക്കയിലേത് 5.6, എന്നാൽ കേരളത്തിൽ അത് അഞ്ചുമാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ദാരിദ്ര്യസൂചിക പരിശോധിക്കുമ്പോൾ നമ്മുടെ രാജ്യത്താണ് ഏറ്റവും കൂടുതൽ ദരിദ്രർ ഉള്ളത്. എന്നാൽ കേരളത്തിൽ അതിദാരിദ്യം പൂർണമായും തുടച്ചുനീക്കാൻ കഴിയുമെന്നുള്ള പ്രഖ്യാപനം നവംബർ ഒന്നിന് സർക്കാർ നടത്തുമെന്നും എംപി കൂട്ടിച്ചേർത്തു. ശതാഭിഷേകത്തോടനുബന്ധിച്ച് ഒരുക്കുന്ന സ്നേഹഭവനത്തിന്റെ പ്രഖ്യാപനവും അദ്ദേഹംനടത്തി.
സനീഷ്കുമാർ ജോസഫ് എംഎൽഎ അധ്യക്ഷനായി. എ.കെ. ചന്ദ്രൻ, ലീല സുബ്രഹ്മണ്യൻ, അഡ്വ. കെ.ബി. സുനിൽകുമാർ, വി.ഡി. തോമസ്, മധു തുപ്രത്ത്, പി.ആർ. പ്രസാദൻ എന്നിവർ പ്രസംഗിച്ചു.