ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് ഭിന്നശേഷിസൗഹൃദമാക്കാന്‍ നിവേദനം
1595854
Tuesday, September 30, 2025 1:24 AM IST
കല്ലേറ്റുംകര: പ്രതിവര്‍ഷം 16 ലക്ഷത്തിലേറെ യാത്രക്കാര്‍ ആശ്രയിക്കുന്ന ഇരിങ്ങാലക്കുട റെയില്‍വെ സ്റ്റേഷന് ഭിന്നശേഷി സൗഹൃദമാക്കണമെന്നാവശ്യം.
കൂടല്‍മാണിക്യംക്ഷേത്രം, കൊടുങ്ങല്ലൂര്‍ ഭഗവതിക്ഷേത്രം, ചേരമാന്‍ ജുമാ മസ്ജിദ്, താഴേക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി, താഴേക്കാട് മഹാദേവക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള തീര്‍ഥാടകരും വയോജനങ്ങള്‍, വിദ്യാര്‍ഥികള്‍, ഭിന്നശേഷിക്കാര്‍ ഉള്‍പ്പടെ നൂറുകണക്കിന് യാത്രക്കാരും ദിവസവും സ്റ്റേഷനെ ആശ്രയിക്കുന്നു.
കൂടാതെ ഭിന്നശേഷിക്കാര്‍ക്കായുള്ള പ്രമുഖ ദേശീയതല പുനരധിവാസകേന്ദ്രമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റീഹാബിലിറ്റേഷന്‍(നിപ്മര്‍) സ്റ്റേഷനില്‍നിന്ന് കഷ്ടിച്ച് ഒരുകിലോമീറ്റര്‍ അകലെയാണ് പ്രവര്‍ത്തിക്കുന്നത്.
സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി നിപ്മറിലേക്കെത്തുന്ന കുട്ടികള്‍, യുവാക്കള്‍, രോഗികള്‍ ഉള്‍പ്പടെ നൂറുകണക്കിന് ഭിന്നശേഷിക്കാരും വൈകല്യമുള്ളവരും ഈ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്. അവര്‍ക്ക് സ്റ്റേഷനിലേക്കുള്ള പ്രവേശനം പ്രധാന വെല്ലുവിളിയാണ്.
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനെ പൂര്‍ണമായും ഭിന്നശേഷിസൗഹൃദ സ്റ്റേഷനാക്കുന്നതിന് നടപടികള്‍ സ്വീകരിക്കണം.
ശൗചാലയങ്ങള്‍, എസ്കലേറ്ററുകള്‍, ലിഫ്റ്റുകള്‍ തുടങ്ങിയവയും സ്ഥാപിക്കണം. ഇതുമായി ബന്ധപ്പെട്ട് വോയ്സ് ഓഫ് ഡിസേബിള്‍ഡ് ജില്ലാ കമ്മിറ്റി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്രമന്ത്രി സുരേഷ് ഗോപി, സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ എന്നിവര്‍ക്ക് നിവേദനംനല്കി.