മൂന്നുമാസത്തിനകം നടപടി അറിയിക്കാൻ മനുഷ്യാവകാശ കമ്മീഷൻ നിർദേശം
1596110
Wednesday, October 1, 2025 1:29 AM IST
സ്വന്തം ലേഖകൻ
തൃശൂർ: കോർപറേഷൻ പരിധിയിലെയും ചാലക്കുടി നഗരസഭാ പരിധിയിലെയും കാലപ്പഴക്കംചെന്ന കെട്ടിടങ്ങൾ പൊളിച്ചുമാറ്റണമെന്ന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിൽ ഉരുണ്ടുകളിച്ച് ജില്ലാ ഭരണകൂടവും കോർപറേഷനും.
കമ്മീഷന് 27നു കളക്ടർ നേരിട്ടുനൽകിയ വിശദീകരണക്കുറിപ്പിൽ കെട്ടിടം പൊളിക്കാനുള്ള ഉത്തരവാദിത്വം കോർപറേഷനാണെന്നും ഇതിനുള്ള നിർദേശം സെക്രട്ടറിക്കു നൽകിയെന്നും പറയുന്നു. ബലക്ഷയമുള്ള 271 കെട്ടിടങ്ങളിൽ 13 എണ്ണംമാത്രമേ പൊളിച്ചുനീക്കേണ്ടതുള്ളൂ എന്നാണ് കമ്മീഷൻ അംഗം വി. ഗീതാകുമാരിക്ക് കോർപറേഷൻ സെക്രട്ടറി നൽകിയ വിശദീകരണം.
കെട്ടിടങ്ങൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ടു മനുഷ്യാവകാശ കമ്മീഷൻ നേരത്തേ നൽകിയ ഉത്തരവുകൾ പാലിക്കാതിരുന്നതോടെയാണ് കളക്ടറെയും തൃശൂർ കോർപറേഷൻ, ചാലക്കുടി നഗരസഭാ സെക്രട്ടറിമാരെയും നേരിട്ടു വിളിച്ചുവരുത്തിയത്.
കോർപറേഷൻ, നഗരസഭാ സെക്രട്ടറിമാർ നൽകിയ വിശദീകരണക്കുറിപ്പിൽ നടപടി സ്വീകരിക്കുന്നുണ്ടെന്നു കാണുന്നെന്നും 2022 മാർച്ച് 11ന് കമ്മീഷന്റെ ഇടക്കാല ഉത്തരവിൽ നടപടി സ്വീകരിക്കാൻ നൽകിയിട്ടുണ്ടെന്നും കളക്ടർ കമ്മീഷനെ അറിയിച്ചു. ദുരന്തനിവാരണ നിയമപ്രകാരം നിർദേശങ്ങൾ നൽകാറുണ്ടെന്നും നടപടിയെടുക്കേണ്ടത് അതാതു തദ്ദേശസ്ഥാപനങ്ങളാണെന്നും കളക്ടർ വ്യക്തമാക്കി.
തൃശൂർ പൂരത്തോടനുബന്ധിച്ച് ബലക്ഷയമുള്ള 271 കെട്ടിടങ്ങൾ കണ്ടെത്തിയെന്നും സാധാരണ കാലാവസ്ഥയിൽ 207 എണ്ണം പ്രവർത്തനയോഗ്യമാണെന്നും അറ്റകുറ്റപ്പണികൾ നടത്തിയാൽ 50 എണ്ണം നിലനിർത്താമെന്നും 13 കെട്ടിടങ്ങൾ പൊളിക്കണമെന്നും ഒരു കെട്ടിടത്തിന്റെ കാര്യത്തിൽ നടപടിയെടുത്തെന്നുമാണ് കോർപറേഷൻ സെക്രട്ടറിയുടെ വിശദീകരണം. ഉടമകൾക്കു ജൂലൈ ഏഴിനു കത്തുനൽകിയിട്ടുണ്ടെന്നും പറയുന്നു.
ചാലക്കുടി നഗരസഭാ പരിധിയിലെ 19, 21 വാർഡുകളിലെ കെട്ടിടങ്ങൾക്കു നോട്ടീസ് നൽകിയെന്നു നഗരസഭാ സെക്രട്ടറിയും അറിയിച്ചു.
കമ്മീഷൻ ഉത്തരവിറങ്ങിയശേഷം നടപ്പാക്കാത്തതിനെക്കുറിച്ച് അഞ്ചുവട്ടം അറിയിച്ചിട്ടും ജില്ലാ ഭരണകൂടവും കോർപറേഷനും നടപടിയെടുത്തില്ലെന്നും മൂന്നുമാസത്തിനുള്ളിൽ സ്വീകരിച്ച നടപടികൾ അറിയിക്കാനും കമ്മീഷൻ നിർദേശിച്ചു. അടുത്ത സിറ്റിംഗിൽ ഏതൊക്കെ കെട്ടിടങ്ങൾക്കു നോട്ടീസ് നൽകി, ലൈസൻസ് റദ്ദാക്കി, സ്റ്റെബിലിറ്റി പരിശോധന, നോട്ടീസ് പാലിക്കാത്ത കെട്ടിട ഉടമകളുടെ വിവരങ്ങൾ എന്നിവയും നൽകാനും നിർദേശിച്ചു.