കോട്ടപ്പുറം കടവിൽനിന്നു മാളവരെ 10 കിലോമീറ്റർ മാരത്തണ്‍
1596103
Wednesday, October 1, 2025 1:29 AM IST
മാള: റോട്ടറി ക്ലബ് മാളയുടെയും എന്റുറൻസ് അത്ലറ്റ്സ് തൃശൂരിന്റെയും സംയുക്താഭിമുഖ്യത്തിൽ കോട്ടപ്പുറം കടവിൽനിന്നും മാളവരെ 10 കിലോമീറ്റർ മാരത്തണ്‍ ഓട്ടം നടത്തി.
രാസലഹരി ഉപയോഗത്തിനെ തിരായും മാളയുടെ സമീപ പ്രദേശങ്ങളിലുള്ള നീർച്ചാലുകളുടെയും കണ്ടൽകാടുകളുടെയും സംരക്ഷണം ഉറപ്പു വരുത്തുക, ദൈനംദിന വ്യായാമത്തിലൂടെ മികച്ച ആരോഗ്യം സ്വന്തമാക്കുക എന്നീ ഉദ്ദേശലക്ഷ്യങ്ങളോടൊപ്പം 2026 ജനുവരിയിൽ തൃശൂർ കൾച്ചറൽ ക്യാപ്പിറ്റൽ മാരത്തണിന്റെ പ്രചാരണം എന്നിവയായിരുന്നു കൂട്ടയോട്ടത്തിന്റെ ലക്ഷ്യങ്ങൾ.
കോട്ടപ്പുറം കടവിലെ മുസരിസ് പൈതൃക പാർക്കിൽനിന്നും തുടങ്ങിയ മാരത്തണ്‍ വി. ആർ. സുനിൽകുമാർ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അധ്യക്ഷത വഹിച്ചു. വാർഡ് കൗണ്‍സിലർ എൽസി പോൾ സംസാരിച്ചു.
മാള ടൗണിൽ നടന്ന സമാപന യോഗത്തിൽ മാള റോട്ടറി ക്ലബ് പ്രസിഡന്റ് അലോഷ്യസ് സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി.കെ. ഡേവിസ് സമ്മേളനം ഉദ് ഘാടനം ചെയ്തു. ജില്ലാ കളക്ടർ മുഖ്യപ്രഭാഷണം നടത്തി. മാരത്തണിൽ പങ്കെടുത്ത എല്ലാഅത്ലറ്റുകൾക്കും മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
യോഗത്തിൽ മാള പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാബു, റോട്ടറി ക്ലബ് അസി. ഗവർണർ ഡേവിഡ് കോനേരുപറന്പൻ, ജി.ജി.എം തന്പി വർഗീസ് എന്നിവർ പ്രസംഗിച്ചു. പോൾ പാറയിൽ ഉപഹാരം കൈമാറി. ലിജോ പ്ലാക്കൽ സ്വാഗതവും റീമോൻ ആന്റണി നന്ദി യും പറഞ്ഞു.