ദേവാലയങ്ങളിൽ തിരുനാൾ
1596390
Friday, October 3, 2025 1:26 AM IST
തലോർ
ഉണ്ണിമിശിഹാ ഇടവക
നവദേവാലയത്തിൽ
തലോർ: ഉണ്ണിമിശിഹ ഇടവക നവദേവാലയത്തിൽ സഹമധ്യസ്ഥരായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും വിശുദ്ധ മദർ തെരേസയുടെയും വിശുദ്ധ മറിയം ത്രേസ്യയുടെയും സംയുക്ത ഊട്ടുതിരുനാൾ 11, 12 തീയതികളിൽ ആഘോഷിക്കും.
ഇന്ന് അതിരൂപത ചാൻസലർ ഫാ. ഡൊമിനിക് തലക്കോടൻ തിരു നാളിനു കൊടിയുയർത്തും. തുടർന്ന് ദിവസവും വൈകുന്നേരം അഞ്ചരമുതൽ ജപമാല, ലദീഞ്ഞ്, നൊവേന, വിശുദ്ധ കുർബാന, പ്രസുദേന്തിവാഴ്ച, നേർച്ചഭക്ഷണം. നവനാൾദിനങ്ങളിൽ ചിറ്റിശേരി വഴിയിലുള്ള മുൻ ഇടവകപ്പള്ളിയിൽ രാവിലെ ആറിനു വിശുദ്ധ കുർബാന ഉണ്ടായിരിക്കും.
11നു വൈകുന്നേരം ഒല്ലൂർ ഫൊ റോനാ വികാരി ഫാ. വർഗീസ് കുത്തൂർ കൂടുതുറക്കൽ ശുശ്രൂഷ നിർവഹിക്കും. 12നു രാവിലെ 9.30 നു തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിലിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ പാട്ടുകുർബാന, തുടർന്ന് ഊട്ടുനേർച്ച. വൈകുന്നേരം നാലിനു ദിവ്യബലി. എസ്ഡിവി സഭ ഇന്ത്യൻ ഡെലഗേറ്റ് ഫാ. അലൻ ടോണി കാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം, ഫാൻസി വെടിക്കെട്ട്.
വികാരി ഫാ. ജോഷി വെണ്ണാട്ടുപറന്പിൽ, സഹവികാരി ഫാ. ബ്രിൽവിൻ ഒലക്കേങ്കിൽ, കൈക്കാരന്മാരായ സണ്ണി കാഞ്ഞാണി, റിഫിൻ കുന്നത്ത്, ബാബുദാസ് തരകൻ, ലിക്സണ്‍ പെരിഞ്ചേരി, ജനറൽ കണ്‍വീനർ ജോയ് കൊന്പൻ തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം നൽകും.
അരണാട്ടുകര
സെന്റ് തോമസ്
തൃശൂർ: അരണാട്ടുകര സെന്റ് തോമസ് ദേവാലയത്തിലെ ദർശനസമൂഹത്തിന്റെ ജപമാലതിരുന്നാളിന് കപ്ലോനും വികാരിയുമായ ഫാ. ജോസ് ചാലയ്ക്കൽ കൊടിയേറ്റി. ദിവസേന വൈകീട്ട് ആറിനു വിശുദ്ധ കുർബാന, ജപമാല തിരിപ്രദക്ഷിണം എന്നിവയുണ്ടാകും.
25നു വൈകീട്ട് ആറിനു ലാലൂർ ഹോളി ട്രിനിറ്റി ആശ്രമദേവാലയത്തിൽ ആഘോഷമായ പാട്ടുകുർബാനയ്ക്കു ഫാ. ആന്റണി പുല്ലുകാട്ട് മുഖ്യ കാർമികനാകും. തുടർന്ന് ഇടവകദേവാലയത്തിലേക്കു മാതാവിന്റെ തിരുസ്വരൂപവുമായി തിരിപ്രദക്ഷിണം. തിരുനാൾദിവസമായ 26നു രാവിലെ 7.30ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്കു ഫാ. പോൾ പുളിക്കൻ മുഖ്യകാർമികനാകും. തുടർന്നു പ്രദക്ഷിണം. വൈകീട്ട് പുതിയ പ്രസുദേന്തിയെ വാഴിക്കൽ.
ഡേവിസ് നീലങ്കാവിൽ- ജനറൽ കണ്‍വീനർ, സി.എൽ. വിൻസന്റ് - പ്രസിഡന്റ്, ജോബി ബെൻസ്-സെക്രട്ടറി, വർഗീസ് മേലേത്ത്- ട്രഷറർ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് തിരുനാളിനു നേതൃത്വം നൽകുന്നത്.
പെരിഞ്ചേരിയിൽ
തിരുഹൃദയ ഉൗട്ട്
പെരിഞ്ചേരി: തിരുഹൃദയ തീർഥാടന കേന്ദ്രത്തിലെ മാസാദ്യവെള്ളി തിരുഹൃദയ ഉൗട്ട് തിരുനാൾ ഇന്ന് ആചരിക്കും. രാവിലെ ആറിനും 7.15 നും വൈകീട്ട് ആറിനും പാട്ടുകുർബാന, ലദീഞ്ഞ്, തിരുഹൃദയ നൊവേന.
രാവിലെ 10ന് ആഘോഷമായ പാട്ടുകുർബാന, തിരുഹൃദയ സന്ദേശം, ആരാധന,തിരുഹൃദയ നൊവേന, പ്രത്യേക പ്രാർഥനാ ശുശ്രൂഷകൾ, ദിവ്യകാരുണ്യ പ്രദക്ഷിണം, ദിവ്യകാരുണ്യ സൗഖ്യ ആശീർവാദം, കൈവയ്പു ശുശ്രുഷ തുടർന്ന് സൗഖ്യദായക തിരുഹൃദയ ഉൗട്ട്. തിരുക്കർമങ്ങൾക്ക് മൈനർ സെമിനാരി റെക്ടർ ഫാ. ജോയ് പുത്തൂർ മുഖ്യകാർമികത്വം വഹിക്കും. തിരുനാളിനോടനുബന്ധിച്ച് അഗതി മന്ദിരങ്ങളിൽ ഉച്ചഭക്ഷണം വിതരണം ചെയ്യുമെന്ന് തീർഥാടന കേന്ദ്രം റെക്ടർ റവ. ഡോ. ഫാ. ജോബ് പടയാട്ടിൽ, അസി. വികാരി ഫാ. ജോണ്‍ പേരാമംഗലം എന്നിവർ അറിയിച്ചു.
പുറനാട്ടുകര
സെന്റ്് സെബാസ്റ്റ്യന്‍സ്
പുറനാട്ടുകര: വിശുദ്ധ കൊച്ചുത്രേസ്യ പുണ്യവതിയുടെ 81-ാം തിരുനാളിന് കൊടിയേറി. പുറനാട്ടുകര സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ഫാ. ജോണ്സണ് ഐനിക്കല്‍ കൊടിയേറ്റം നിര്‍വഹിച്ചു. 4, 5 തീയതികളിലാണു തിരുനാള്‍.
നാളെ വൈകീട്ട് ഏഴിന് നൊവേനക്കുശേഷം തിരിപ്രദക്ഷിണവും രൂപം എഴുന്നള്ളിച്ചു വയ്ക്കലും നടക്കും. തുടര്‍ന്ന് ബാന്‍ഡ് വാദ്യവും ഉണ്ടായിരിക്കും. തിരുനാള്‍ദിനമായ അഞ്ചിന് ഉച്ചതിരിഞ്ഞ് മൂന്നുമുതല്‍ കാര്‍ഷിക വസ്തുക്കളുടെ ലേലവും നാലിന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയും നടക്കും. വികാരി ഫാ. ജോണ്സന് ഐനിക്കല്‍, അസി. വികാരി ഫാ. പ്രിന്റോ മാണിപ്പറമ്പില്‍, തിരുനാള്‍ കമ്മിറ്റി കണ്‍വീനര്‍ എഡിസണ് പാണങ്ങാടന്‍ എന്നിവരുടെയും കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്.
കുട്ടനെല്ലൂർ
സെന്റ് ജൂഡ്
കുട്ടനെല്ലൂർ: സെന്റ് ജൂഡ് ലത്തീൻ പള്ളിയിലെ വിശുദ്ധ യൂദാശ്ലീഹായുടെ ഊട്ടുതിരുന്നാൾ ഭക്തിസാന്ദ്രമായി. നേർച്ച ഭക്ഷണ ആശീർവാദം കോട്ടപുറം രൂപത ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിർവഹിച്ചു. തുടർന്നു നടന്ന ദിവ്യബലിക്ക് ബിഷപ് കാർമികത്വം വഹിച്ചു. ആയിരക്കണക്കിനാളുകൾ ഊട്ടുനേർച്ചയിൽ പങ്കെടുത്തു.
വികാരി ഫാ. ഫ്രാൻസൺ കുരിശിങ്കൽ, തിരുനാൾ ജനറൽ കൺവീനർ കോളിൻസ് ചക്കാലക്കൽ, നിതുൽ സേവ്യർ, സ്റ്റീവ് കിഴക്കേമാക്കൽ, സേവ്യർ തോട്ടകത്ത് എന്നിവർ നേതൃത്വം നൽകി.