വൈദ്യുതി ജീവനക്കാരെ വെട്ടിക്കുറയ്ക്കൽ: സർക്കാരിനു തെറ്റുപറ്റിയെന്നു മേയർ
1595864
Tuesday, September 30, 2025 1:24 AM IST
തൃശൂർ: പതിവുവാഗ്വാദങ്ങളും തർക്കങ്ങളും ഇല്ലാതെ സമാധാനപരമായി ഒരു കൗൺസിൽ യോഗം. തെരഞ്ഞെടുപ്പ് അടുക്കാറായതിനാൽ പ്രതിപക്ഷവും മറ്റും ഭരണമുന്നണികൾക്കെതിരേ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിക്കുന്നിതിനിടെയാണ് തൃശൂർ കോർപറേഷനിൽ ഇന്നലെ സമാധാനപരമായ കൗൺസിൽ യോഗം നടന്നത്. അജൻഡകളും പാസാക്കി.
ചർച്ചയായ വൈദ്യുതിവിഭാഗം ജീവനക്കാരെ സംബന്ധിച്ചുള്ള അജൻഡയിൽ, വൈദ്യുതിവിഭാഗം ജീവനക്കാരെ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തിൽ സർക്കാരിനു തെറ്റുപറ്റിയെന്നു മേയർ എം.കെ. വർഗീസ് സമ്മതിച്ചു. ജീവനക്കാരുടെ എതിർപ്പ് അംഗീകരിക്കുന്നു. പ്രശ്നപരിഹാരത്തിന് ഏഴുദിവസം സമയംചോദിച്ചുവെങ്കിലും മൂന്നുദിവസത്തിനകം സർക്കാർ ഉത്തരവ് മരവിപ്പിക്കാൻ ഒരു കൗൺസിലിനു സാധിച്ചതു ചരിത്രത്തിലില്ലാത്ത സംഭവമാണെന്നു മേയർ അവകാശപ്പെട്ടു.
ജീവനക്കാർക്കു ശമ്പളവും ആനുകൂല്യവും നൽകുന്നതു കെഎസ്ഇബി കൊടുക്കുന്ന രീതിയിലല്ല, മറിച്ച് എൽഎസ്ജിയുടെ പാറ്റേണിലാണ്. അവർ ആഗ്രഹിക്കുന്നത് ഒന്നുകിൽ അവരെ എൽഎസ്ജിയിൽ നിലനിർത്തുക, അല്ലെങ്കിൽ കെഎസ്ഇബിയിൽ നിലനിർത്തുക എന്നാണ്. അവർ പറയുന്നതു തെറ്റല്ലെന്നും ആവശ്യം നിറവേറ്റാൻ നമുക്കു സാധിക്കണമെന്നും ഇക്കാര്യങ്ങളെല്ലാം യോഗത്തിൽ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും മേയർ പറഞ്ഞു. ഇതിന്റെ ഭാഗമായി ഏഴുപേരടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഒക്ടോബർ 31നകം തീരുമാനടുക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
ലാലൂർ മത്തായിപുരം എസ്സി കോളനിയിലെ സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന കുടുംബങ്ങളിൽനിന്നു സിപിഎം കൗൺസിലർ, ഇല്ലാത്ത പൈപ്പുകണക്ഷൻ പദ്ധതിയുടെ പേരിൽ പതിനായിരക്കണക്കിനു രൂപ പിരിച്ചെടുത്തതു വിവാദമായപ്പോൾ തിരിച്ചുകൊടുത്തു തടിതപ്പിയെന്നു പ്രതിപക്ഷനേതാവ് രാജൻ പല്ലൻ ആരോപിച്ചെങ്കിലും, കഴിഞ്ഞ പ്രശ്നത്തിന്റെ പേരിൽ അനാവശ്യസംസാരം ഒഴിവാക്കണമെന്നു മേയർ ആവശ്യപ്പെട്ടു.
വിൽവട്ടം സോണലിലെ ഒരു ഉദ്യോഗസ്ഥൻ നികുതിയടയ്ക്കാൻ വരുന്നവരുടെ പക്കൽനിന്നു രസീത് നൽകാതെ പണം വാങ്ങുകയും, അഗതിമന്ദിരത്തിലേക്കു ജീവകാരുണ്യപ്രവർത്തനത്തിന്റെ ഭാഗമായി ഭക്ഷണം കൊടുക്കാൻ അടയ്ക്കുന്ന തുക രസീതുനൽകാതെ വാങ്ങിവയ്ക്കുകയും ചെയ്യുന്നതായി നിരവധി പരാതികൾ ലഭിച്ചിട്ടും ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാതെ സിപിഎം നേതൃത്വം വാത്സല്യപൂർവം വളർത്തുകയാണെന്നു രാജൻ പല്ലൻ ആരോപിച്ചു. മഴ മാറിനിന്നിട്ടും നിരവധി റോഡുകൾ സഞ്ചാരയോഗ്യമാക്കിയില്ലെന്നും കൊതുകുശല്യംമൂലം ജനങ്ങൾ പൊറുതിമുട്ടിയെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.