വിജയദശമി: ആദ്യാക്ഷരമധുരം നുകർന്ന് കുരുന്നുകൾ
1596392
Friday, October 3, 2025 1:26 AM IST
തൃശൂർ: വിജയദശമിദിനമായ ഇന്നലെ ജില്ലയിലെ പ്രമുഖക്ഷേത്രങ്ങളിൽ ആയിരക്കണക്കിനു കുരുന്നുകൾ ആദ്യാക്ഷരമധുരം നുകർന്നു. കണ്ണീരും ചിരിയും മാതാപിതാക്കളുടെ കൗതുകവുമായി ക്ഷേത്രാങ്കണങ്ങൾ രാവിലെമുതൽ തിരക്കിലമർന്നു.
ചേർപ്പ് തിരുവുള്ളക്കാവ് ശ്രീധർമശാസ്താക്ഷേത്രത്തിൽമാത്രം വിജയദശമിദിനത്തിൽ എണ്ണായിരത്തോളം കുരുന്നുകളാണ് ആദ്യാക്ഷരം കുറിച്ചത്. ക്ഷേത്രസരസ്വതിമണ്ഡപത്തിൽ ഇന്നലെ പുലർച്ചെ മുതൽ ആരംഭിച്ച എഴുത്തിനിരുത്തൽ വൈകീട്ടുവരെ തുടർന്നു. തിരുവുള്ളക്കാവ് വാരിയത്ത് ടി.വി. ശ്രീധരൻവാരിയരുടെ നേതൃത്വത്തിൽ അറുപതോളം ആചാര്യൻമാർ കുരുന്നുകളുടെ നാവിൽ സ്വർണമോതിരംകൊണ്ടും ഓട്ടുരുളിയിലെ ഉണക്കലരിയിലും ഹരിശ്രീഗണപതയേ നമഃ കുറിച്ചു. ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്കും അനുഭവപ്പെട്ടു.
ഗുരുവായൂർ, മമ്മിയൂർ, തിരുവില്വാമല, ആറാട്ടുപുഴ, പഴയന്നൂർ, കൊടുങ്ങല്ലൂർ തുടങ്ങി വിവിധ ക്ഷേത്രങ്ങളിൽ എഴുത്തിനിരുത്തൽ നടന്നു.
ഗുരുവായൂരപ്പ സന്നിധിയിൽ 322 കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു. മുതിർന്ന കീഴ്ശാന്തിമാരായ മേലേടം കേശവൻ നമ്പൂതിരി, തേലമ്പറ്റ വാസുദേവൻ നമ്പൂതിരി, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ എന്നിവർ വിദ്യാരംഭവേദിയിലെ നിലവിളക്കിൽ തിരിതെളിച്ചു. തുടർന്ന് 13 കീഴ്ശാന്തി ഇല്ലങ്ങളിലെ നമ്പൂതിരിമാർ ആചാര്യൻമാരായി ആദ്യാക്ഷരം പകർന്നുനൽകി.
ആറാട്ടുപുഴ ക്ഷേത്രത്തിൽ വാര്യത്ത് രമേഷ് വാര്യർ എഴുത്തിനിരുത്തലിനു നേതൃത്വം നൽകി. മമ്മിയൂർ മഹാദേവക്ഷേത്രത്തിൽ മേൽശാന്തിമാരായ ശ്രീരുദ്രൻ നന്പൂതിരിയും കെ.ടി. നാരായണൻ നന്പൂതിരിയും ചേർന്ന് എഴുത്തിരുത്തൽ നടത്തി. പാന്പാടി പാന്പുംകാവിൽ ഗാനരചയിതാവ് ഹരി ഏറ്റുമാനൂർ എഴുത്തിനിരുത്തലിനു നേതൃത്വം നൽകി.