കുഴിയിലെ വെള്ളക്കെട്ടിൽ വീണ് നാലു വയസുകാരന് ദാരുണാന്ത്യം
1580562
Friday, August 1, 2025 11:59 PM IST
കാടുകുറ്റി: കാടുകുറ്റിയിൽ ഓട്ടുകമ്പനിയുടെ ആവശ്യത്തിനായി മണ്ണെടുത്ത കുഴിയിലെ വെള്ളക്കെട്ടിൽ വീണ് ആസാം സ്വദേശികളായ ദമ്പതികളുടെ നാലു വയസുകാരനായ മകന് ദാരുണാന്ത്യം.
ആസാം സ്വദേശി അജിസുർ റഹ്മാന്റെ മകൻ സജിദുൾ ഹക്ക് (4) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് നാലു മണിയോടെയായിരുന്നു സംഭവം. കളിക്കുന്നതിനിടെയാണ് കുട്ടി തെന്നി കുഴിയിലേക്ക് വീണത്.
കുട്ടിയെ കാണാതായതിനെ തുടർന്നുള്ള അന്വേഷത്തിലാണ് കുട്ടിയെ കുഴിയിൽ വീണ നിലയിൽ കണ്ടത്. ഉടൻ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാടുകുറ്റി അയ്യാരിൽ ഹാഷിമിന്റെ ഉടമസ്ഥതയിലുള്ള ഷെഡിലാണ് കുടുംബം താമസിക്കുന്നത്. മാള പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.