ഐടിയു ബാങ്ക് വളരെ സുരക്ഷിതം: പ്രസിഡന്റ് എം.പി. ജാക്സണ്
1580602
Saturday, August 2, 2025 12:52 AM IST
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്ക് (ഐടിയു ബാങ്ക്) സുരക്ഷിതമാണെന്നും നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കാനുള്ള നടപടിയാണ് ആര്‍ബിഐ സ്വീകരിച്ചിട്ടുള്ളതെന്നും ക്രമക്കേട് നടന്നതായി പറഞ്ഞിട്ടില്ലെന്നും ബാങ്ക് പ്രസിഡന്റ് എം.പി. ജാക്സണ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
ജനവിശ്വാസം ആര്‍ജിച്ച് ഇരിങ്ങാലക്കുടയ്ക്ക് ഏറെ അഭിമാനമായി മാറിയ ബാങ്കാണിത്. 1300 കോടിയിലേറെ നിക്ഷേപവുമായി കേരളത്തിലെ ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ള അര്‍ബന്‍ ബാങ്കായി മാറിയതു ജനങ്ങളുടെ വിശ്വാസം ഒന്നുകൊണ്ടുമാത്രമാണ്. ടയര്‍ ത്രീ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ബാങ്കിന് ആര്‍ബിഐ പല മാനദണ്ഡങ്ങളും എര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ജിഎസ്ടി പരിഷ്കരണം, പ്രളയം, കോവിഡ് തുടങ്ങിയ പ്രതികൂലസാഹചര്യങ്ങള്മൂലം വായ്പാകുടിശിക വര്‍ധിച്ചുവരികയായിരുന്നു. 2022 മുതല്‍ ബാങ്ക് റിക്കവറി നടപടികള്‍ സജീവമായി സ്വീകരിച്ചുവന്നിട്ടുണ്ട്. ജപ്തി പാടില്ലെന്ന സര്‍ക്കാര്‍നിലപാടും ദോഷമായി മാറിയിട്ടുണ്ട്.
46000 -ത്തിലധികം നിക്ഷേപകരില്‍ 41000 പേര് അഞ്ചുലക്ഷത്തില്താഴെ നിക്ഷേപമുള്ളവരാണ്. 5000 പേര് മാത്രമാണ് അഞ്ചുലക്ഷത്തിലധികം രൂപ നിക്ഷേപമുള്ളവര്‍. ഇപ്പോഴത്തെ പ്രതിസന്ധി താത്കാലികപ്രതിഭാസംമാത്രമാണ്.
കരുവന്നൂര്‍ ബാങ്കുമായി താരതമ്യംചെയ്യുന്നതില്‍ അര്‍ഥമില്ല. ഏരിയ സെക്രട്ടറിയും ജില്ലാ സെക്രട്ടറിയും പണം കൊണ്ടുപോയ കേസാണ് കരുവന്നൂരിലേത്. അമിതപലിശ വാഗ്ദാനം നല്‍കിയല്ല ഈ ബാങ്കില്‍ നിക്ഷേപം സ്വീകരിച്ചിരിക്കുന്നത്. പലിശ കുറഞ്ഞിട്ടും 1300 കോടിയിലധികം രൂപ നിക്ഷേപം ഉണ്ടായത് ജനങ്ങളുടെ വിശ്വാസംകൊണ്ടുമാത്രമാണ്.
ജൂലൈ 30 വൈകീട്ട് അഞ്ചുമണിവരെ നിക്ഷേപകരായ ആര്‍ക്കും യാതൊരുവിധം ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. ഇടപാടുകാരുടെ എല്ലാ കാര്യങ്ങളും സാധിച്ചുകൊടുത്തിട്ടുണ്ട്. 107 വര്‍ഷത്തെ ചരിത്രമുള്ള ഈ ബാങ്കില്‍ 1987 ല്‍ വൈസ് പ്രസിഡന്റായാണ് ഭരണസാരഥ്യത്തിലേക്കു താന്‍ വന്നത്. മൂന്നുവര്‍ഷക്കാലം വൈസ് പ്രസിഡന്റായിരുന്നു. പിന്നീട് ചെയര്‍മാനും പ്രസിഡന്റുമായി തുടരുകയായിരുന്നു. ഈ കാലയളവില്‍ ബാങ്കിന്റെ വളര്‍ച്ച അതിവേഗമായിരുന്നു.
ഫണ്ട് തിരിച്ചുകൊണ്ടുവരുന്നതില്‍ മാത്രമാണ് വീഴ്ച സംഭവിച്ചത്. നിലവിലുള്ള വായ്പാകുടിശിക തിരിച്ചുപിടിക്കല്‍ എത്രയും വേഗം പൂര്‍ത്തിയാക്കി ബാങ്കിന്റെ നില മെച്ചപ്പെടുത്തിയാല്‍ നിയന്ത്രണങ്ങള്‍ ആര്‍ബിഐ പിന്‍വലിക്കും. ആര്‍ബിഐ മാനദണ്ഡങ്ങള്‍ പാലിക്കുന്നതുവഴി ഇപ്പോഴത്തെ താത്കാലിക നിയന്ത്രണങ്ങള്‍ നീക്കാന്‍ കഴിയും. നിക്ഷേപകരുടെ പണം നഷ്ടപ്പെടില്ല.
ബാങ്കിലേക്കു പ്രതിഷേധജാഥകള്‍ നടത്തുന്നതില്‍ തെറ്റുകാണുന്നില്ല. മുദ്രാവാക്യങ്ങള്‍ വിളിക്കുന്ന നേതാക്കള്‍ പലരും ശിപാര്‍ശയുമായി വരുന്നവരാണ്. ബാങ്കിന്റെ സാഹചര്യം മുതലെടുത്ത് നഗരസഭാ ഭരണം പിടിക്കാന്‍ എല്‍ഡിഫിനും ബിജെപിക്കും കഴിയില്ലെന്നും കോൺഗ്രസ് മുൻ ജനറൽസെക്രട്ടറി കൂടിയായഎം.പി. ജാക്സന് കൂട്ടിച്ചേര്‍ത്തു.
ഭരണസമിതി വൈസ് പ്രസിഡന്റ് പ്രഫ. ഇ.ജെ. വിന്‍സെന്റ്, മാനേജിംഗ് ഡയറക്ടര്‍ എ.എല്‍. ജോണ്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
ഐടിയു ബാങ്കില്‍ റിസര്‍വ് ബാങ്ക്
നിയന്ത്രണം ആറുമാസത്തേക്ക്
ഇരിങ്ങാലക്കുട: ടൗണ്‍ കോ ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കില്‍ (ഐടിയു ബാങ്ക്) ആറുമാസത്തേക്കാണ് റിസര്‍വ് ബാങ്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. നിക്ഷേപകര്‍ക്ക് ഈ ആറുമാസക്കാലയളവില്‍ 10,000 രൂപമാത്രമേ പിന്‍വലിക്കാന്‍ സാധിക്കൂ. ബാങ്ക് എടിഎം, ഓണ്‍ലൈന്‍ ആപ്പ് എന്നിവയുടെ പ്രവര്‍ത്തനം മരവിപ്പിച്ചു.
ആര്‍ബിഐയുടെ അനുമതി ഇല്ലാതെ പുതിയ വായ്പ അനുവദിക്കാനും പുതുക്കാനും പുതിയ നിക്ഷേപം സ്വീകരിക്കാനും പണം കടംവാങ്ങാനും സാധിക്കില്ല. ബാങ്കിന്റെ സ്വത്തുക്കളും മറ്റ് ആസ്തികളും വില്‍ക്കാനും കൈമാറ്റംചെയ്യാനും പാടില്ല. ബാങ്ക് നിക്ഷേപങ്ങള്‍ക്കുള്ള ഇന്‍ഷ്വറന്‍സ് പരിരക്ഷ പ്രകാരം അപേക്ഷ നല്കുന്ന നിക്ഷേപകര്‍ക്ക് (ഒരാള്‍ക്ക് പരമാവധി അഞ്ചു ലക്ഷം രൂപ) 90 ദിവസത്തിനകം അര്‍ഹമായ തുക ലഭിക്കുമെന്ന് ആര്‍ബിഐ അറിയിച്ചിട്ടുണ്ട്.
വായ്പാ കുടിശികയിനത്തില്‍ 195 കോടി രൂപയാണ് ബാങ്കിനു ലഭിക്കാനുള്ളത്. 365 കോടി രൂപയുടെ നിഷ്ക്രിയ ആസ്തികളുമുണ്ട്. തിരിച്ചടവു മുടങ്ങിയ വായ്പകളിലെ ജാമ്യവസ്തുക്കളുടെ ലേല ഇടപാടുകളില്‍ വന്ന കാലതാമസമാണ് ആര്‍ബിഐയുടെ നിയന്ത്രണങ്ങള്‍ക്ക് ഇടയാക്കിയത്.