ചേലക്കര റെയിൽവേ മേൽപ്പാലം; സ്ഥലമെടുപ്പിനു ഭരണാനുമതി
1580601
Saturday, August 2, 2025 12:52 AM IST
തൃശൂർ: ചേലക്കര പൈങ്കുളം ഗേറ്റ് റെയിൽവേ മേൽപ്പാലം നിർമാണത്തിനു ഭൂമി ഏറ്റെടുക്കുന്നതിനു 13.33 കോടി രൂപയുടെ ഭരണാനുമതിയായി. ലെവൽ ക്രോസുകളില്ലാത്ത കേരളമെന്ന പൊതുമരാമത്തു വകുപ്പിന്റെ ലക്ഷ്യത്തിന്റെ ഭാഗമായി മേൽപ്പാലങ്ങൾ നിർമിക്കുന്നതിന്റെ ഭാഗമായാണ് ചേലക്കര പൈങ്കുളം ഗേറ്റിൽ സ്ഥലമേറ്റെടുക്കുന്നത്. കേരള റോഡ് ഡെവലപ്മെന്റ് കോർപറേഷനാണ് നിർമാണച്ചുമതല.
ഷൊർണൂർ, വള്ളത്തോൾനഗർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ ഒന്നാം നന്പർ ലെവൽ ക്രോസാണിത്. ഇവിടെ മേൽപ്പാലം നിർമിക്കുന്നതിന് ഏറ്റെടുക്കേണ്ടിവരുന്ന സ്ഥലത്തിന്റെ വിലയ്ക്കൊപ്പം പ്രസ്തുത ഭൂമിയിലെ സ്ഥാവരവസ്തുക്കൾ, മരങ്ങൾ തുടങ്ങിയവയുടെ മൂല്യംകൂടി കണക്കാക്കിയാണ് വിലയും നഷ്ടപരിഹാരവും നിശ്ചയിച്ചിട്ടുള്ളത്. ഇതിനുള്ള ഭരണാനുമതിയാണ് ഇപ്പോൾ ലഭ്യമാക്കിയിട്ടുള്ളത്.
ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായാലുടൻ മേൽപ്പാലം നിർമാണം കരാർ നൽകി പണി ആരംഭിക്കുമെന്നു മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ഓഫീസ് അറിയിച്ചു.