സംസ്ഥാന സർക്കാർ ആരോഗ്യമേഖലയെ ജനകീയമാക്കി: മന്ത്രി വീണാ ജോർജ്
1580599
Saturday, August 2, 2025 12:52 AM IST
പഴയന്നൂർ: സൗജന്യചികിത്സയും മികച്ച സേവനങ്ങളുംനൽകി ആരോഗ്യമേഖലയെ ജനകീയമാക്കാൻ സർക്കാരിന് കഴിഞ്ഞതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. പഴയന്നൂർ കുടുബരോഗ്യകേന്ദ്രത്തിൽ ആർദ്രം മിഷൻവഴി പൂർത്തിയാക്കിയ ലാബിന്റെയും വിവിധ പദ്ധതികളുടെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
കാത്ത് ലാബും സൂപ്പർ സ്പെഷാലിറ്റി ചികിത്സയും കൊണ്ടുവരാൻ സർക്കാരിന് കഴിഞ്ഞു. വെറും 13 ആശുപത്രികളിൽ ഉണ്ടായിരുന്ന ഡയാലിസിസ് കേന്ദ്രങ്ങൾ കേരളത്തിൽ 108 ആശുപത്രികളിൽ ഏർപ്പെടുത്തി വിപ്ലവാത്മകമായ മാറ്റംകൊണ്ടുവന്നത് ഈ സർക്കാരാണെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. ചേലക്കര താലൂക്ക് ആശുപത്രിയിൽ കാഷ്വാലിറ്റി ഡോക്ടറടക്കം നാലു പുതിയ തസ്തികകൾ സൃഷ്ടിക്കുമെന്ന മന്ത്രിയുടെ ഉറപ്പ് കരഘോഷത്തോടെ നാട്ടുകാർ സ്വീകരിച്ചു. കോഴിക്കോട് ട്രാൻസ്പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ട് നടപ്പിലാക്കും.
അമീബിക് മെനഞ്ചൈറ്റിസ് രോഗ മരണനിരക്ക് അമേരിക്കൻ ഐക്യനാടുകളേക്കാള്‍ കുറവാണ് കേരളത്തിൽ. തെറ്റായ പ്രചാരണങ്ങൾകൊണ്ടൊന്നും ആരോഗ്യ പ്രവർത്തകരുടെ ആത്മവീര്യം തകർക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. പത്തുലക്ഷം രൂപ ചെലവിൽ ആശുപത്രിപരിസര നവീകരണം, ബ്ലോക്ക് പഞ്ചായത്ത് പദ്ധതിവഴി നിര്‍മിച്ച 15 ലക്ഷം രൂപയുടെ ജലസംഭരണി എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. യു.ആർ. പ്രദീപ് എംഎൽഎ അധ്യക്ഷനായി. ചടങ്ങിൽ ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.കെ.ജെ. റീന വിശിഷ്ട സാന്നിധ്യമായി.
പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷറഫ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ടി.പി. ശ്രീദേവി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.പി. സജീവ്കുമാർ, എനിവർ സന്നിഹിതരായി. ഡോ.ശ്രീജിത്ത് എച്ച്.ദാസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി. ശ്രീജയൻ എന്നിവർ പദ്ധതി വിശദീകരണംനടത്തി. ചടങ്ങിൽ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. പ്രശാന്തി, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.വി. സുചിത്ര, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആശാദേവി, എസ്. സിന്ധു, ലത സാനു, ഷിജിത ബിനീഷ്, ഗീതാ രാധാകൃഷ്ണൻ, എ.ഇ ഗോവിന്ദൻ, പഞ്ചായത്തംഗം സൗഭാഗ്യവതി. എന്നിവർ പങ്കെടുത്തു.
ദേശീയ ആരോഗ്യദൗത്യത്തിന്റെ 2022-23 വർഷത്തെ പദ്ധതിവിഹിതമായി ലഭിച്ച 40 ലക്ഷം രൂപ ഉപയോഗിച്ചാണ് പഴയന്നൂർ കുടുംബരോഗ്യകേന്ദ്രത്തിൽ ആർദ്രം മിഷൻ ലാബും ഒപി ബ്ലോക്കും പൂർത്തിയാക്കിയത്.
മുഴുവന്‍ ഓട്ടോമാറ്റിക് അനലൈസർ സംവിധാനംവഴി 60ൽപരം പരിശോധനകൾ പുതിയ ലാബിൽ ഒരേസമയം നടത്താൻ കഴിയും. സംസ്ഥാന സർക്കാരിന്റെ 2021-22 വർഷത്തെ ആരോഗ്യ ഗ്രാൻഡ് വഴി 22.4 ലക്ഷം രൂപ ചെലവിലാണ് ശീതികരിച്ച കോൺഫറൻസ് ഹാളിന്റെയും പബ്ലിക് ഹെൽത്ത് സെന്ററിന്റെയും നവീകരണം പൂർത്തിയാക്കിയത്.