കരിങ്കൊടി കാണിക്കാനെന്നു സംശയം: കോൺഗ്രസ് പ്രവർത്തകരെ മുൻകൂർ കസ്റ്റഡിയിലെടുത്തു
1580600
Saturday, August 2, 2025 12:52 AM IST
ചേർപ്പ്: സാമൂഹികാരോഗ്യകേന്ദ്രം ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തുന്നതിന്റെ ഉദ്ഘാടനത്തിനെത്തുന്ന മന്ത്രി വീണാ ജോർജിനുനേരേ കരിങ്കൊടി കാണിക്കാൻ നിൽക്കുന്നുവെന്ന സംശയത്തിൽ കോൺഗ്രസ് പ്രവർത്തകരെ പോലീസ് മുൻകൂർ കസ്റ്റഡിയിലെടുത്തു.
ചേർപ്പ് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് എം. സുജിത്ത്കുമാർ, കോൺഗ്രസ് അവിണിശേരി മണ്ഡലം പ്രസിഡന്റ് പ്രിയൻ രാസ്, ചേർപ്പ് മുൻ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. വിനോദ് എന്നിവരെയാണ് ചേർപ്പ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവർ മൂന്നുപേരും വഴിയിൽ നിൽക്കുമ്പോൾ പോലീസ് ജീപ്പിൽ ബലമായി പിടിച്ചുകയറ്റുകയായിരുന്നു. പിന്നിട് ഇവരെ വിട്ടയച്ചു.
പോലീസ് നടപടിക്കെതിരേ കോൺഗ്രസ് ചേർപ്പ് മണ്ഡലം പ്രസിഡന്റ് കെ. രാമചന്ദ്രന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ ചേർപ്പ് പോലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പുസമരംനടത്തി. മുൻ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സിജോ ജോർജ്, ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് സുജീഷ കള്ളിയത്ത് എന്നിവർ പങ്കെടുത്തു. രാജീവ് ഗാന്ധി സംഘടൻ നാട്ടിക നിയോജകമണ്ഡലം യോഗത്തിനെത്തിയ കോൺഗ്രസ് തങ്ങളെ യാതൊരു പ്രകോപനവുമില്ലാതെയാണ് അറസ്റ്റ് ചെയ്തതെന്ന് നേതാക്കൾ പറഞ്ഞു.