ശക്തൻ സ്റ്റാൻഡിൽ സംഘർഷമൊഴിയുന്നില്ല
1580603
Saturday, August 2, 2025 12:52 AM IST
തൃശൂർ: പാർക്കിംഗ് ഫീസ് വർധനയുടെ പേരിൽ ശക്തൻ സ്റ്റാൻഡിൽ സംഘർഷം തുടരുന്നു. നാലു ബസുകൾ പിടിച്ചെടുത്തെന്നു ബസുടമകൾ ആരോപിക്കുകയും ഇന്നു മുതൽ ശക്തൻ സ്റ്റാൻഡിൽനിന്നു സർവീസ് നടത്തുന്ന ബസുകൾ പണിമുടക്കുമെന്നും ബസുടമകൾ അറിയിച്ചെങ്കിലും പിന്നീടു സമരം വേണ്ടെന്നുവച്ചു. വർധിപ്പിച്ച സ്റ്റാൻഡ് ഫീസ് ഈടാക്കില്ലെന്നു ജില്ലാ ഭരണകൂടം ഉറപ്പുനൽകിയതിനെതുടർന്നാണ് സമരം മാറ്റിവച്ചതെന്നു ബസുടമകൾ അറിയിച്ചു.
25 രൂപയായിരുന്ന പാർക്കിംഗ് ഫീസ് 40 രൂപയാക്കി വർധിപ്പിച്ചതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണു പരിഹാരമില്ലാതെ നീളുന്നത്. ബസുടമ - തൊഴിലാളി സംയുക്തസമിതിയാണ് പണിമുടക്ക് തീരുമാനിച്ചിരുന്നത്.
ഇന്നലെ രാവിലെ പത്തോടെയാണ് കോർപറേഷൻ അധികൃതരും പോലീസിന്റെ സഹായത്തോടെ എത്തി ബസുകളിൽ നോട്ടീസ് പതിച്ചത്. കരാറുകാരനും ഒപ്പമുണ്ടായിരുന്നു. നാലു ബസുകളിൽ നോട്ടീസ് പതിച്ചെന്നു ബസുടമ കോ-ഓർഡിനേഷൻ കമ്മിറ്റി വൈസ് പ്രസിഡന്റ് കെ.ബി. സുരേഷ് പറഞ്ഞു. ഗുണ്ടായിസമാണു കോർപറേഷന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.
തൃശൂർ കോർപറേഷൻ കൗണ്സിലിന്റെ 2024 ഡിസംബർ 28-ലെ 78-ാം നന്പർ തീരുമാനപ്രകാരം അംഗീകരിച്ച 2025 ഏപ്രിൽ ഒന്നുമുതലുള്ള പുതുക്കിയ നിരക്കിലുള്ള ബസ് സ്റ്റാൻഡ് ഫീസ് അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ളതിനാൽ വാഹനം കേരള മുനിസിപ്പൽ ആക്ട് 474 പ്രകാരം കോർപറേഷൻ ഏറ്റെടുത്തിരിക്കുന്നു എന്നാണ് നോട്ടീസിൽ.
ഇന്നലെ രാവിലെ കോർപറേഷൻ റവന്യൂ ഉദ്യോഗസ്ഥർ, മോട്ടോർ വാഹനവകുപ്പ്, പോലീസ് ഉദ്യോഗസ്ഥർ, കരാറുകാർ എന്നിവർ ഏപ്രിൽ ഒന്നുമുതലുള്ള കുടിശിക നൽകണമെന്ന് ആവശ്യപ്പെട്ടു ബസുകൾ പിടിച്ചെടുക്കാൻ ശ്രമിച്ചു.
ബസുടമകളും തൊഴിലാളികളും എതിർക്കുകയും മിന്നൽപണിമുടക്കിലേക്കു കടക്കുകയും ചെയ്തതോടെ ഇവർ മടങ്ങി. ഉദ്യോഗസ്ഥർ മടങ്ങിയതിനുശേഷമാണു സർവീസ് സാധാരണ നിലയിലേക്കു മടങ്ങിയത്. ഇത്തരം നടപടികൾ ആവർത്തിച്ചാൽ ശക്തൻ സ്റ്റാൻഡിൽനിന്നുള്ള എല്ലാ സർവീസുകളും നിർത്തിവച്ചു പ്രതിഷേധിക്കുമെന്നും ബസുടമകൾ അറിയിച്ചിരുന്നു.
കഴിഞ്ഞദിവസം കളക്ടറുമായി ചർച്ച നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും നടന്നില്ല. കോർപറേഷനോടു റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്.